പാലാ : 'ഞൊടുക്ക് വേലയുമായി ' ഇറങ്ങാതിരിക്കുന്നതാണ് നല്ലതെന്ന് ജോസ്. കെ. മാണി എം.പി.യോട് മാണി.സി.കാപ്പൻ എം. എൽ.എ. അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നും, ഇത്തരം ഇടുങ്ങിയ മനസ്ഥിതിയോടെ പ്രവർത്തിക്കരുതെന്നും കാപ്പന്, ജോസ്. കെ. മാണിയുടെ മറുപടി. വികസന കാര്യത്തെച്ചൊല്ലി വിവാദം വേണ്ടെന്നും യോജിച്ച് പ്രവർത്തിക്കണമെന്നും ഇരുവർക്കും മന്ത്രി ജി.സുധാകരന്റെ ഉപദേശം. ഇന്നലെ അരുണാപുരം ഗസ്റ്റ് ഹൗസ് അങ്കണത്തിൽ നടന്ന പുലിയന്നൂർ ക്ഷേത്രം വള്ളീച്ചിറ വലവൂർ ചക്കാമ്പുഴ റോഡ് നിർമ്മണോദ്ഘാടന സമ്മേളനത്തിലാണ് എം.എൽ.എയും, എം.പിയും കൊമ്പുകോർത്തതും മന്ത്രി റഫറിയായതും !

പിതൃത്വം അവകാശപ്പെടേണ്ട : മാണി.സി.കാപ്പൻ

''പുലിയന്നൂർ ക്ഷേത്രം- വള്ളിച്ചിറ-ചക്കാമ്പുഴ റോഡിന്റെ പിതൃത്വം എം.പിയ്ക്കാണെന്ന് ചില തെറ്റായ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. മന്ത്രി സുധാകരൻ കേന്ദ്രത്തിന് കൊടുത്ത ലിസ്റ്റ് പ്രകാരമാണ് റോഡ് പണിക്ക് തുക അനുവദിച്ചത്. മറ്റാരും ഇതിന്റെ പിതൃത്വം അവകാശപ്പെടാൻ വരേണ്ടതില്ല. അടുത്തിടെ മുണ്ടാങ്കൽ വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്യാൻ നാട്ടുകാർ ആദ്യം എന്നെ ക്ഷണിച്ചു. 5.30ന് ആയിരുന്നു പരിപാടി. 5 മണി ആയപ്പോൾ അവർ ഓടിക്കിതച്ച് വന്നു പറയുകയാ ഉദ്ഘാടനം ജോസ്. കെ. മാണിക്ക് കൊടുക്കണം, കെ.എം.മാണിയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് പണിത വെയിറ്റിംഗ് ഷെഡാണല്ലോ. ഇതിനു പിന്നിൽ ആരാണെന്ന കാര്യം മനസിലായതോടെ ഉദ്ഘാടനം ഞാൻ വിട്ടു കൊടുത്തു. അദ്ധ്യക്ഷനാകാൻ സംഘാടകർ പറഞ്ഞെങ്കിലും അതിന് തയ്യാറാകാതെ ആശംസ പറഞ്ഞ് ഞാൻ പോയി. ഇത്തരം ഞൊടുക്ക് വേലയുമായി ഇറങ്ങാതിരിക്കുന്നതാണ് നല്ലത് കാപ്പൻ തുറന്നടിച്ചു.

ജനങ്ങളുടെ ആകെ വിജയം : ജോസ് കെ മാണി

മുഖ്യപ്രഭാഷകനായ ജോസ്. കെ. മാണിയും വിട്ടുകൊടുത്തില്ല. 'ഒരോ വികസന കാര്യങ്ങളും യാഥാർത്ഥ്യമാക്കുന്നതിന് പിന്നിൽ ഒട്ടേറെ നിരന്തരമായ പരിശ്രമങ്ങളുണ്ട്. വലവൂർ ട്രിപ്പിൾ ഐ.ടി ആരംഭിച്ച നാൾ മുതൽ ഞാനും മാണിയും ഈ റോഡ് വരാൻ നിരന്തര പരിശ്രമം നടത്തി. ഇത് ഇപ്പോൾ യാഥാർത്ഥ്യമായി. ഈ പ്രവർത്തനം കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല. മന്ത്രി ഇരിക്കുന്ന വേദിയിൽ പറയാൻ വിഷമവും വേദനയുമുണ്ട്. എന്നാലും പറയുവാ, ഒരു വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം പോലുള്ള നിസാര കാര്യങ്ങൾക്ക് ഇത്തരം ഇടുങ്ങിയ മന:സ്ഥിതിയുമായി പോകാൻ പാടില്ല. വികസന കാര്യങ്ങൾ ആരുടെയും ക്രെഡിറ്റല്ല. ജനങ്ങളുടെയാകെ വിജയമാണെന്ന് എം.പി പറഞ്ഞു. എന്നാൽ ഇത് കേൾക്കാൻ കാപ്പൻ വേദിയിൽ നിന്നില്ല.

എന്തിനാ ഇങ്ങനെയൊരു വിവാദം : മന്ത്രി

വികസനത്തെച്ചൊല്ലി വിവാദം വേണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി സുധാകരൻ, ഇരുവരെയും ഓർമ്മിപ്പിച്ചു.

'എന്തിനാ ഇങ്ങനെയൊരു വിവാദം? ഈ റോഡ് പണിക്കായി കെ.എം.മാണിയും, ജോസ്.കെ. മാണിയും, മാണി. സി. കാപ്പനും എനിക്ക് ലെറ്റർ തന്നിട്ടുണ്ട്. ആര് കത്ത് തന്നാലും പൊതുമരാമത്ത് മന്ത്രി വേണം ഇത് കേന്ദ്രത്തിനയക്കാൻ. ഇതിനകത്ത് കക്ഷിരാഷ്ട്രീയത്തിന്റെ പ്രശ്‌നമേയില്ല. എല്ലാവർക്കും പങ്കുണ്ട്. മാണിസാറാണ് കൂടുതൽ ശ്രമം നടത്തിയത്. പക്ഷേ അനുവാദമുണ്ടായത് ഇപ്പോൾ മാണി.സി.കാപ്പന്റെ കാലത്താണ്. മാണി ശുശ്രൂഷിച്ച് വളർത്തി ഒരു പാട് വികസനമുണ്ടാക്കിയ മണ്ഡലമാണ് പാലാ. ഇനിയുള്ള പോരായ്മകൾ പരിഹരിക്കാൻ മാണി. സി. കാപ്പനും പ്രശംസനീയമായ പ്രവർത്തനം നടത്തുന്നു. എല്ലാവരും കൂടി ഒത്തു ചേർന്ന് കൂടുതൽ വികസന കാര്യങ്ങൾ ഇവിടെ നടപ്പാക്കുകയാണ് വേണ്ടത്. ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും എതിർ വിഭാഗത്തിൽപ്പെട്ടവരെ ആദരിച്ചിരുന്ന മാന്യത മാണിക്കുണ്ടായിരുന്നു. ആ മഹത്തായ രാഷ്ട്രീയ പാരമ്പര്യം എല്ലാവർക്കുമുണ്ടാകണം.