പാലാ: കേന്ദ്ര സർക്കാർ റോഡ് നിർമ്മാണ വിഹിതമായി കേരളത്തിന് നൽകിയത് റെക്കാഡ് തുകയെന്ന് മന്ത്രി ജി. സുധാകരൻ. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ കേരളം ഭരിച്ച ഒരു സർക്കാരിനും ഇത്ര തുക കേന്ദ്രത്തിൽ നിന്നും നേടിയെടുക്കാനായിട്ടില്ല. ഈ തുക കൊണ്ട് ആവശ്യമായ മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് കേരളത്തിലെ പ്രധാന റോഡുകളെല്ലാം നവീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഉന്നത നിലവാരം പുലർത്തുന്ന റോഡുകളാണിന്ന് കേരളത്തിലുള്ളത്.
കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം നവീകരിക്കുന്ന പുലിയന്നൂർ ക്ഷേത്രം വള്ളിച്ചിറ മുറിഞ്ഞാറ വലവൂർ ഐ.ഐ.ടി ചക്കാമ്പുഴ റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നൂ അദ്ദേഹം.
കേന്ദ്ര സർക്കാരിനെ കുറച്ച് പല വിമർശനങ്ങളുണ്ടെങ്കിലും സംസ്ഥാനങ്ങൾക്കുള്ള റോഡ് ഫണ്ടിന്റെ കാര്യത്തിൽ കേന്ദ്ര മന്ത്രി ഗഡ്ഗരിയോ അദ്ദേഹത്തിന്റെ പാർട്ടിയോ തെറ്റായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 1800 കോടി രൂപാ കിട്ടി. ഇതു പയോഗിച്ച് 120 റോഡുകളാണ് നവീകരിച്ചത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഇത്ര വലിയ തുക കേന്ദ്രത്തിൽ നിന്ന് റോഡ് പണിക്കായി കിട്ടുന്നത് ഇതാദ്യമായാണെന്നും ഇതുവഴി പുത്തൻ വികസന ചരിത്രമാണ് കേരളത്തിലുണ്ടായതെന്നും മന്ത്രി തുടർന്നു.
സമ്മേളനത്തിൽ മാണി. സി. കാപ്പൻ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജോസ്. കെ. മാണി എം.പി. മുഖ്യ പ്രഭാഷണം നടത്തി. മേരി ഡൊമിനിക്, ജോസ് പ്ലാക്കൂട്ടം, ഓമന ബാലകൃഷ്ണൻ, അഡ്വ.ജിസ്‌മോൾ തോമസ്, പെണ്ണമ്മ ജോസഫ്, രാജൻ മുണ്ടമറ്റം, ലാലിച്ചൻ ജോർജ്, ബാബു കെ. ജോർജ്, ഫിലിപ്പ് കുഴികുളം, സജി മഞ്ഞക്കടമ്പിൽ, രഞ്ജിത്ത് മീനാ ഭവൻ, ദീപ.ടി.എ, മിനി മാത്യു, സിനി മെറിൻ, തുടങ്ങിയവർ പ്രസംഗിച്ചു. 17 കോടി മുടക്കി, 17.കി.മീറ്റർ റോഡാണ് 9 മാസത്തിനുള്ളിൽ നവീകരിക്കുന്നത്.