പാലാ: ഒറ്റ രാത്രി കൊണ്ട് തോടിനു കുറുകെ റോഡ് ! സംഭവം വിവാദമായതോടെ റോഡ് വീണ്ടും തോടാക്കാൻ സ്വകാര്യ വ്യക്തിയോട് പഞ്ചായത്ത് അധികൃതർ.
കരൂർ പഞ്ചായത്തിലെ പേണ്ടാനംവയൽ ചിറ്റാർ റോഡ് സൈഡിലുള്ള തോടാണ് മണ്ണിട്ട് നികത്തി നാലു മീറ്റർ വീതിയിൽ റോഡാക്കിയത്. 12 അടിയോളം താഴ്ചയുള്ള തോട്ടിൽ , പുറമെ നിന്നെത്തിച്ച ലോഡ് കണക്കിനു മണ്ണിട്ടാണ് നികത്തിയത്. പേണ്ടാനം വയൽ ചെക്ക്ഡാമിന്റെ മുകൾഭാഗത്തായിട്ടാണ് ഈ അനധികൃത നിർമ്മാണ പ്രവർത്തനം നടന്നത്. തോട്ടിൽ ഇപ്പോൾ നീരൊഴുക്കില്ല. മഴക്കാലത്ത് ധാരാളം വെള്ളമൊഴുകുന്ന തോടാണിത്. ഒറ്റ രാത്രി കൊണ്ട് തോടിനു കുറുകെ പുതിയ റോഡ് വന്ന വിവരം ശ്രദ്ധയിൽപ്പെട്ട പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ വിഷയം കോട്ടയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കളക്ടർ വള്ളിച്ചിറ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വില്ലേജ് ഓഫീസർ ഇ. എസ്. ശ്രീജ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.
തോട് പുറമ്പോക്കും മറ്റും പഞ്ചായത്തിന്റെ അധികാര പരിധിയിലായതിനാൽ ഈ നിയമ ലംഘനം വില്ലേജ് ഓഫീസർ ഉടൻ കരൂർ പഞ്ചായത്ത് ഓഫീസിൽ അറിയിച്ചു.
പഞ്ചായത്തു സെക്രട്ടറി സ്ഥലത്തെത്തി തോടു നികത്തിയ സ്വകാര്യ വ്യക്തിക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും 24 മണിക്കൂറിനുള്ളിൽ തോട്ടിൽ നിറച്ച മണ്ണ് കോരി മാറ്റാനും ആവശ്യപ്പെട്ടു. എന്നാൽ ഇന്നലെ വൈകും വരെ മണ്ണ് നീക്കം ചെയ്തിട്ടില്ല.
തോട് നികത്തിയത്, പാലം പണിയാൻ!
തോട് നികത്തി മണ്ണിട്ടത് ഇവിടെ പാലം പണിയാനാണെന്ന് സ്വകാര്യ വ്യക്തി പറഞ്ഞതായി പഞ്ചായത്ത് വില്ലേജ് അധികാരികൾ പറയുന്നു. പാലത്തിന് പൈലിംഗിനു മുന്നോടി ആയാണത്രേ തോട്ടിൽ മണ്ണ് നിറച്ചത്. പാലം നിർമ്മിക്കാൻ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുവാദം കിട്ടിയിട്ടുണ്ടെന്ന് സ്വകാര്യ വ്യക്തി പറഞ്ഞതായും പഞ്ചായത്ത് റവന്യൂ അധികാരികൾ പറയുന്നു.എന്നാൽ പാലം പണിയുടെ പേരിൽ തോട് നികത്തിയത് ശരിയല്ലെന്നും ഗുരുതരമായ ഈ നിയമ ലംഘനത്തെപ്പറ്റി തിങ്കളാഴ്ച ഉന്നതാധികാരികൾക്ക് റിപ്പോർട്ടു നൽകുമെന്നും റവന്യൂ അധികാരികൾ പറഞ്ഞു. നിശ്ചിത സമയ പരിധിക്കുള്ളിൽ തോട്ടിലെ മണ്ണ് മാറ്റിയില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് കരൂർ പഞ്ചായത്ത് അധികാരികളും വ്യക്തമാക്കി.