കോട്ടയം : പ്രളയബാധിതർക്കായി ഏർപ്പെടുത്തിയ റീസർജന്റ് കേരള വായ്പാ പദ്ധതിയുടെ പലിശ തുക വിതരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കുറിച്ചി ശ്രീനാരായണ ഓഡിറ്റോറിയത്തിൽ മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 26 അയൽകൂട്ടങ്ങൾക്കുള്ള പലിശ തുകയായ 10.58 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി. പ്രളയക്കെടുതി അനുഭവിച്ചവർക്ക് സഹായമേകുന്നതിനായാണ് സർക്കാർ റീസർജന്റ് കേരള വായ്പാ പദ്ധതി (ആർ.കെ.എൽ.എസ്) ആവിഷ്‌ക്കരിച്ചത്. ഗാർഹിക ഉപകരണങ്ങൾ വാങ്ങുന്നതിനും ജീവനോപാധികൾ നേടുന്നതിനും ഒരു കുടുംബശ്രീ അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നൽകി. സർക്കാരിൽ നിന്ന് പ്രളയ ദുരിതാശ്വാസമായി 10,000 രൂപ ധനസഹായം ലഭിച്ച കുടംബങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്ക് അയൽക്കൂട്ടം വഴിയാണ് വായ്പ ലഭ്യമാക്കിയത്.

വായ്പ തുകയുടെ മുഴുവൻ പലിശയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അയൽക്കൂട്ടങ്ങൾ വഴി ഗുണഭോക്താക്കൾക്ക് നൽകും. ഗുണഭോക്താക്കളിൽ നിന്ന് ബാങ്ക് ഈടാക്കിയ 9 ശതമാനം പലിശയാണ് ഇപ്പോൾ സർക്കാർ തിരികെ നൽകുന്നത്. ചടങ്ങിൽ കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ജോർജ് മുളപ്പൻഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ.ശോഭ സലിമോൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂസി ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ മേഴ്‌സി സണ്ണി, അരുൺ ബാബു, അംഗങ്ങളായ കെ.ഡി. സുഗതൻ, ബിജു തോമസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.എൻ. സുരേഷ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ബിനോയ് കെ. ജോസഫ്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺ വിശ്വമ്മ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.

31906 പേർക്ക് : 221.81 കോടി വായ്പ

വിതരണം ചെയ്യുന്നത് : പലിശയിനത്തിൽ 13.5 കോടി