അടിമാലി: അതിർത്തി കടന്ന് നിരോധിത കീടനാശിനി ഹൈറേഞ്ച് മേഖലയിലേക്ക് വ്യാപകമായി എത്തുന്നു. കേരളത്തിൽ നിരോധിച്ചിട്ടില്ലാത്ത കീടനാശിനികളുടെ ലേബലിലാണ്തമിഴ്നാട്ടിൽനിന്നും വ്യാജൻ എത്തുന്നത്. കൂടുതലായും ഉപയോഗിക്കുന്നത് ഏലംകൃഷിക്കാണ്.
എൻഡോസൾഫാൻ മൂലമുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ജനിതക രോഗങ്ങൾക്ക് വരെ കാരണമാകാവുന്ന ഒട്ടേറെ കീടനാശിനികൾ കേരളത്തിൽ നിരോധിച്ചിരുന്നു. എന്നാൽ ഇതിൽപലതിനും തമിഴ്നാട്ടിൽ നിരോധനമില്ല. അടുത്തയിടെ ഇത്തരം നിരോധിത കീടനാശിനികൾ വ്യാജലേബലിൽ ഹൈറേഞ്ചിലെ തോട്ടം മേഖലകളിൽ എത്തിക്കുന്ന തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘം സജീവമായി. ഇവിടെ പ്രചാരത്തിലുള്ള കീടനാശിനിയുടെ ലേബലിൽ ചെക്ക്പോസ്റ്റ് വഴി വ്യാജൻ എത്തിക്കുന്നത് പിടികൂടാനാവില്ല. വ്യാജനെ കണ്ടെത്താനുള്ള ടെക്നിക്കൽ സൗകര്യങ്ങൾ ലഭ്യവുമല്ല.
കൃഷിക്ക് ഇത്തരം വ്യാജ കീടനാശിനി കൂടുതൽ വിളവ് നൽകും . അത്കൊണ്ട് തന്നെ കർഷകർ ആപത്ത് തിരിച്ചറിയാതെ കൃഷിയിടങ്ങിൽ ഉപയോഗിക്കുകയും ചെയ്യും.ഇതോടെ അട്ടിമറിക്കപ്പെടുന്നത് ജനങ്ങളുടെ നീണ്ടനാളത്തെ ആവശ്യമായ മാരക കീടനാശിനി ഉപയോഗിക്കുന്നതിന് കോടതി നിർദേശത്തെത്തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ്.
തമിഴ്‌നാട്ടിൽ നിന്നും മാരക വിഷം ഹൈറേഞ്ചിലെ തോട്ടം മേഖലകളിലേക്ക് എത്തിക്കുന്നവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻകെയർ കേരള കൃഷി മന്ത്രിക്ക് പരാതി സമർപ്പിച്ചു.ജില്ലയിലെ കാൻസർ രോഗികളുടെ എണ്ണം സംബന്ധിച്ച് 2015ൽ ഗ്രീൻകെയർ കേരള നടത്തിയ പഠനത്തിന്റെ തുടർച്ചയെന്നോണമാണ് നിരോധിത കീടനാശിനി പ്രയോഗത്തിനെതിരെ കൃഷിവകുപ്പ് മന്ത്രിക്കടക്കം പരാതി സമർപ്പിച്ച് സംഘടന രംഗത്തു വന്നിട്ടുള്ളത്.നിരോധിത കീടനാശിനികൾ തമിഴ്‌നാട്ടിൽ നിന്നും ജില്ലയിലേക്ക് പേരുമാറ്റി എത്തിക്കുന്നുവെന്നും മഴക്കാലമാകുന്നതോടെ ഇവ വലിയ തോതിൽ തോട്ടങ്ങളിൽ പ്രയോഗിച്ച് തുടങ്ങുമെന്നും പരാതിയിൽ പറയുന്നു.പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണിയാകുന്ന ഇത്തരം മാരക വിഷം ജില്ലയിലേക്കെത്തിക്കുന്നവർക്കെതിരെ നടപടി വേണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.
രോഗികൾ കൂടും
കീടനാശിനി പ്രയോഗം നടക്കുന്ന തോട്ടങ്ങളുടെ പരിസരത്ത് കാൻസർ രോഗികളുടെ എണ്ണമേറി വരുന്നതായി ഗ്രീൻ കേരള 2015ലെ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു.കാര്യങ്ങൾ നിയന്ത്രണമില്ലാതെ മുമ്പോട്ട് പോയാൽ ജില്ലയിൽ വരും വർഷങ്ങളിൽ കാൻസർ രോഗികളുടെ എണ്ണം പതിമടങ്ങ് വർധിക്കുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഏലക്കായുടെ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വരുന്ന വർഷകാലത്ത് കായ് ഫലം വർദ്ധിപ്പിക്കാനായി വലിയ തോതിൽ കീടനാശിനി പ്രയോഗം നടന്നേക്കാം.അതിർത്തികളിൽ പരിശോധന കർശനമാക്കി നിരോധിത കീടനാശിനികൾ കേരളത്തിലേക്കെത്തുന്നില്ലെന്ന് ഉറപ്പു വരുത്താൻ നടപടി വേണമെന്നും സംഘടനയുടെ പരാതിയിൽ ആവശ്യമുണ്ട്.കീടനാശിനി പ്രയോഗത്തിനെതിരെ പൊതു സമൂഹത്തെ ബോധവാൻമാരാക്കാൻ ബോധവൽക്കരണ സന്ദേശറാലിക്കും ഗ്രീൻകെയർ കേരള പദ്ധതി ഇടുന്നുണ്ട്.