കോട്ടയം : നഗരത്തിലെ ഗതാഗതം തടസപ്പെടുത്തി, ഡ്രൈവർമാരുടെ കാഴ്‌ച മറച്ചുള്ള അനധികൃത കച്ചവടത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് ജില്ലാ കളക്ടർക്ക് കത്ത് നൽകി. നഗരത്തിലെ അനധികൃത കച്ചവടവും റോഡ് കൈയേറ്റവും ചൂണ്ടിക്കാട്ടി ഇന്നലെ കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർവാഹനവകുപ്പിന്റെ ഇടപെടൽ. കോട്ടയം നഗര പരിധിയിൽ എം.എൽ റോഡിലും, ശാസ്‌ത്രി റോഡിലും, കുര്യൻ ഉതുപ്പ് റോഡിലും, ശീമാട്ടി റൗണ്ടാനയ്‌ക്ക് സമീപവും റോഡ് കൈയേറിയും ഫുട്‌പാത്തിലും കച്ചവടം നടക്കുന്നതായി മോട്ടോർവാഹനവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഇത് അപകടങ്ങൾക്കിടയാക്കുമെന്നാണ് കണ്ടെത്തൽ.

233 കടകൾ ഫുട്‌പാത്തിൽ

കോട്ടയം നഗരപരിധിയിൽ മാത്രം 233 അനധികൃത വഴിയോരക്കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പും നഗരസഭയും പൊലീസും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നത്. 2 വർഷം മുൻപ് സംയു‌ക്ത റിപ്പോർട്ടും സമർപ്പിച്ചിരുന്നു. തുടർന്ന് നഗരസഭ വഴിയോരക്കച്ചവടക്കാരുടെ യോഗം വിളിച്ചു ചേർത്ത് റോഡരികിലേയ്‌ക്ക് ഒതുക്കി കച്ചവടം ചെയ്യണമെന്ന നിർദ്ദേശം നൽകിയെങ്കിലും നടപ്പായില്ല. ഗതാഗതം തടസപ്പെടുത്തി കച്ചവടം പെരുകിയിട്ടും നഗരസഭ മൗനത്തിലാണ്.

അപകടം ഒഴിവാക്കാൻ മുൻ കരുതൽ

അപകടം ഒഴിവാക്കാനുള്ള മുൻകരുതൽ എന്ന രീതിയിലാണ് കത്ത് നൽകിയത്. അപകടങ്ങൾക്ക് പ്രധാന കാരണം റോഡുകളിലെ കയ്യേറ്റമാണ്. ഈ സാഹചര്യത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കാൻ കത്ത് നൽകിയത്.

ടോജോ എം.തോമസ്, ആർ.ടി.ഒ

എൻഫോഴ്‌സ്‌മെന്റ് കോട്ടയം