കോട്ടയം: വിലക്കയറ്റത്തിനൊപ്പം നനയ്‌ക്കാനൊരുതുള്ളി വെള്ളവുമില്ലാതെ വന്നതോടെ നിർമ്മാണ മേഖലയിൽ കടുത്ത പ്രതിസന്ധി. സർക്കാർ ഫണ്ട് ലഭിക്കാനുള്ള കാലതാമസം മൂലം സർക്കാർ കരാറുകാരും നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കുകയാണ്.

നിർമ്മാണ സാമഗ്രികൾക്ക് വൻ തോതിലാണ് വില കൂടിയത്. ഇതോടെയാണ് സ്വകാര്യ നിർമ്മാണങ്ങളും പ്രതിസന്ധിയിലായത്. സാധന വില കുറഞ്ഞു നിന്ന സമയത്ത് കരാർ എടുത്തവരെല്ലാം വെട്ടിലായിരിക്കയാണ്. ഖനനനിരോധനം നിലനിൽക്കുന്നതിനാൽ ആവശ്യത്തിന് മണ്ണ് ലഭിക്കാനില്ല. വേനൽ കടുത്തതോടെ വെള്ളത്തിനും ക്ഷാമമായി.

റോഡ് നിർമ്മാണത്തിൽ നിന്ന് സർക്കാർ കരാറുകാർ വിട്ടു നിൽക്കുന്നതിന് പ്രധാന കാരണം ‌ടാറിന്റെ വിലക്കയറ്റമാണ്. ഒരു കിലോ ടാറിന് കരാറുകാരന് സർക്കാർ നൽകുന്നത് 35 രൂപയാണ്. ടാർ വാങ്ങണമെങ്കിൽ 44 രൂപ നൽകണം. എസ്റ്റിമേറ്റിലെ തുകയും യഥാർത്ഥ തുകയും തമ്മിലുള്ള വ്യത്യാസം പിന്നീട് നൽകണമെന്നാണ് ചട്ടം. എന്നാൽ, ഓഡിറ്റിന്റെ തടസം ചൂണ്ടിക്കാട്ടി പലരും ഇതിന് തയ്യാറാകാറില്ല. 5000 കിലോ ടാറുണ്ടെങ്കിൽ മാത്രമേ ഏറ്റവും ചെറിയ ജോലി പോലും ചെയ്യാൻ സാധിക്കൂ. മുമ്പ് പൊതുമരാമത്തു വകുപ്പാണ് ടാർ വാങ്ങി നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ റിഫൈനറിയിൽ നിന്നു നേരിട്ടു വാങ്ങണം.

 എല്ലാത്തരം സിമന്റിനും ഒരു ചാക്കിന് 50 രൂപ വർദ്ധിച്ചു

 ഒരു അടി മെറ്റിലിന് അഞ്ചു രൂപ വർദ്ധിച്ച് 38 രൂപയായി

 എം.സാൻഡ് \പി സാൻഡ് വർദ്ധിച്ചത് 8 രൂപ, അടിയ്ക്ക് 56

 കരിങ്കല്ലിന് ക്ഷാമം, ലോഡിന് 8000 രൂപ വരെ നൽകണം


സർക്കാർ കരാറുകാർ പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ ജനുവരി 20 ന് ശേഷം സർക്കാർ ടെൻഡറുകൾ ബഹിഷ്‌കരിച്ചിരിക്കുകയാണ്. മാർച്ച് ഒന്നു മുതൽ എല്ലാ നിർമ്മാണങ്ങളും നിർത്തി വയ്‌ക്കേണ്ടി വരും.

-അനിൽ കെ.കുര്യൻ, ജില്ലാ സെക്രട്ടറി

ഓൾ കേരള ഗവൺമെന്റ കോൺട്രാക്ടേഴ്സ് അസോസിയേഷൻ