കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 14 ന് രാത്രി 7 ന് തന്ത്രി താഴമൺ മഠം കണ്‌ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. 20 നാണ് പ്രസിദ്ധമായ പകൽപ്പൂരം. 14 ന് രാത്രി 8 ന് നടക്കുന്ന പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോ‌ർഡ് അംഗം എൻ.വാസു മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നടത്തും. രാത്രി 9.30 മുതൽ ഗായിക മൃദുലാ വാര്യർ നയിക്കുന്ന ഗാനമേള.

15 ന് രാവിലെ 7.30 ന് ശ്രീബലി എഴുന്നെള്ളിപ്പ്. രാത്രി 9.30 മുതൽ വിളക്കിനെഴുന്നെള്ളിപ്പ്, പഞ്ചവാദ്യം. നാദസ്വരം. രാത്രി 10 ന് തിരുവരങ്ങിൽ കഥകളി മഹോത്സവത്തിന് മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ കളിവിളക്ക് തെളിയിക്കും. കഥ നളചരിതം മൂന്നാം ദിവസം, നരകാസുരവധം. 16 ന് രാത്രി 10 ന് കലാമണ്ഡപത്തിൽ നടക്കുന്ന കഥകളി മഹോത്സവത്തിന് മാതൃഭൂമി ന്യൂസ് എഡിറ്റർ ടി.കെ രാജഗോപാൽ കളിവിളക്ക് തെളിയിക്കും. കിർമ്മീരവധവും, പ്രഹ്ലാദചരിതവുമാണ് കഥകൾ. 17 ന് രാവിലെ 7.30 ന് ശ്രീബലി എഴുന്നള്ളിപ്പ്. 9.30 ന് വിളക്കിനെഴുന്നെള്ളിപ്പും, പഞ്ചവാദ്യവും. രാത്രി 10 ന് കലാമണ്ഡപത്തിൽ കഥകളി മഹോത്സവത്തിന് കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ കളിവിളക്ക് തെളിയിക്കും. കഥ: സന്താനഗോപാലം, ദക്ഷയാഗം.

18 ന് രാവിലെ 10.30 ന് ആനയൂട്ട്, വൈകിട്ട് 5.30 മുതൽ കാഴ്‌ചശ്രീബലി, വേല, സേവ, മയൂര നൃത്തം. രാത്രി 8.30 ന് കൈരളി കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള. 19 ന് രാവിലെ 7 ന് ശ്രീബലി എഴുന്നള്ളിപ്പ്. വൈകിട്ട് 5.30 ന് കാഴ്‌ചശ്രീബലി, വേല, സേവ, രാത്രി 10.30 ന് നാടകം വേറിട്ട കാഴ്‌ചകൾ. 20 ന് വൈകിട്ട് 4 ന് തിരുനക്കര പൂരസമാരംഭം. തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം തെളിക്കും. 22 ഗജവീരന്മാർ 11 വീതം ഇരുചേരികളിൽ അണിനിരക്കും. കിഴക്കൂട്ട് അനിയൻമാരാരും സംഘവും പാണ്ടിമേളം ഒരുക്കും. രാത്രി ഗാനമേള. 21 ന് തിരുനക്കര വലിയ വിളക്ക്, ദേശവിളക്ക്. രാത്രി നൃത്തനാടകം. 22 ന് രാത്രി സംഗീതനിശ, രാത്രി 1 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 23 ന് വൈകിട്ട് 6 ന് കാരാപ്പുഴ അമ്പലക്കടവ് ദേവീ ക്ഷേത്രക്കുളത്തിൽ ആറാട്ട്. വൈകിട്ട് ശിവശക്തി ഓഡിറ്റോറിയത്തിൽ ഇഞ്ചിക്കുട്ടി മാരിയപ്പന്റെ നാഗസ്വരക്കച്ചേരി തുടർന്ന് സമാപന സമ്മേളനം, സിക്കിൾ ഗുരുചരണിന്റെ സംഗീത സദസ്.