കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1 മുതൽ 6 വരെ നടക്കും. 1 ന് വൈകിട്ട് 6.45 ന് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി പി.എം മോനേഷ് ശാന്തിയുടെ സഹ കാർമ്മികത്വത്തിലും കൊടിയേറ്റ്. രാത്രി 8 ന് നടക്കുന്ന ഗുരുദേവ സ്‌മൃതി മണ്ഡപ സമർപ്പണ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി അശോകൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമി, ചാലക്കുടി ഗായത്രി മഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി എന്നിവർ ചേർന്ന് മണ്ഡപം സമർപ്പിക്കും. മുൻ എം.എൽ.എ വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉപഹാര സമർപ്പണം നടത്തും.