vettadi-thodu

ചങ്ങനാശേരി : ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി വേട്ടടി തോട് നവീകരണം ആരംഭിച്ചെങ്കിലും ശുദ്ധജല വിതരണം മുടങ്ങിയത് നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു കൂട്ടം ആളുകളെ ദുരതത്തിലാക്കുന്നു. എ.സി. റോഡരികിൽ പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡിലെ നൂറിലധികം കുടുംബങ്ങളാണ് ശുദ്ധജലത്തിനു മാർഗമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. സമീപത്തെ എ.സി. കനാൽ ഉൾപ്പെടെയുള്ള ജലസ്രോതസുകൾ മലിനമായതിനാൽ വാട്ടർ അതോറിട്ടി പൈപ്പിൽ നിന്ന് വിതരണം ചെയ്യുന്ന ശുദ്ധജലമാണ് പ്രദേശത്തെ ആളുകളുടെ പ്രധാന ആശ്രയം. സ്ഥിരമായി പൈപ്പിൽ വെള്ളം എത്താറില്ലെങ്കിലും കിട്ടുന്ന വെള്ളം പിടിച്ചുവെച്ച് സൂക്ഷിച്ചുപയോഗിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ ഈ പൈപ്പ് വേട്ടടി തോട് നവീകരണ ജോലികൾക്കിടയിൽ ഒന്നാം പാലത്തിനു സമീപത്തു വച്ച് പൊട്ടിയതാണ് പ്രദേശവാസികൾക്ക് ഇരുട്ടടിയായത്. കിടങ്ങറ ഭാഗത്തേക്ക് വെള്ളം എത്തിച്ചിരുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. മൂന്ന് ആഴ്ചയിലേറെയായി വെള്ളം കിട്ടാതായിട്ടെന്ന് നാട്ടുകാർ പറയുന്നു. തോടിനു കുറുകെയുള്ള പൈപ്പ് ആയതിനാൽ ഉള്ളിൽ മലിനജലം കയറാനും സാദ്ധ്യതയേറെയാണ്.

 നാട്ടുകാർ പരാതി നൽകി

ശുദ്ധജല വിതരണം മുടങ്ങിയ പശ്ചാത്തലത്തിൽ ആർ.ഡി.ഒ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി നൽകി. നിലവിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് വാഹനങ്ങളിലും തലച്ചുമടായുമാണ് ഇവിടെ ഉള്ളവരിൽ പലരും ശുദ്ധജലം ശേഖരിക്കുന്നത്. അറ്റകുറ്റപ്പണികൾക്ക് കൂടുതൽ സമയം ആവശ്യമുള്ളതിനാൽ താത്കാലികമായി പ്രദേശത്ത് ശുദ്ധജലം എത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.