കോട്ടയം നഗരമദ്ധ്യത്തിൽ ശീമാട്ടി റൗണ്ടാനയ്ക്കു ചുറ്റും പണിതിട്ടും പണിതിട്ടും പണി തീരാതെ പാതി വഴിയിൽ പണി മുടങ്ങി വർഷങ്ങളായി നോക്കുകുത്തിയായി നിൽക്കുന്ന ആകാശ പാത ഒന്നുകിൽ പൂർത്തിയാക്കണം, അല്ലെങ്കിൽ പൊളിച്ചു കളയണമെന്ന് പറഞ്ഞു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ.

കൊച്ചിയിൽ മെട്രോ റെയിൽ പാതയുടെ പണി മെട്രോമാൻ ഇ. ശ്രീധരൻ ആരംഭിക്കും മുമ്പ് തുടങ്ങിയതാണ് കോട്ടയത്തെ പണി. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയല്ല പണി മുടങ്ങാൻ കാരണം. ആകാശ പാത പൂർത്തിയാക്കാൻ മൂന്നരക്കോടി രൂപ അനുവദിച്ചതായി എം.എൽ.എ പറയുന്നു. കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പണി വേഗത്തിലാക്കാൻ തീരുമാനിച്ചിട്ട് മാസങ്ങളായി. എന്നാൽ മുടങ്ങിക്കിടക്കുന്ന പണി മാത്രം എന്തു കൊണ്ടോ പുനരാരംഭിക്കുന്നില്ല. ഇട്ടു തല്ലുന്നതിന് കാരണം ഉദ്യോഗസ്ഥന്മാരുടെ കുഴപ്പമാണോ അതല്ല രാഷ്ട്രീയമാണോ അതോ മറ്റു വല്ല കാര്യമാണോ എന്നു ചോദിച്ചാലും ഉത്തരമില്ല.

കമ്പികളൊക്കെ തുരുമ്പിച്ചു തുടങ്ങി. ഇനിയും പണി വൈകിക്കരുത് എന്നൊക്കെ നാട്ടുകാർ പറയാൻ തുടങ്ങിയിട്ടും നാളുകളായി. നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കാൻ കൊണ്ടുവന്ന ആകാശ പാതയുടെ പണിമുടങ്ങിയതാണ് ഇപ്പോൾ ഗതാഗത കുരുക്കിന് ഒരു കാരണം. പൊളിച്ചു കളണമെന്നും അതല്ല പച്ചക്കറി വള്ളികൾ പടർത്തണമെന്നും പറഞ്ഞു പരിഹസിക്കുകയും 'നാറാണത്ത് ഭ്രാന്തൻ പാത'യെന്നു പരിഹസിച്ച് പ്രതീകാത്മകമായി പയർ കൃഷിയും നടത്തി ആദരാഞ്ജലി അർപ്പിച്ചു റീത്തുവെച്ച് സമരം നടത്തിയവർ പോലും ഇപ്പോൾ തിരിഞ്ഞു നോക്കുന്നുമില്ല.

അഞ്ചു വഴികൾ വന്നു ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ ഗതാഗത കുരുക്ക് കുറയ്ക്കാനും കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാനുമായിരുന്നു ആറ് മീറ്റർ ഉയരത്തിൽ തൂണുകളിൽ 45 മീറ്റർ വിസ്തീർണത്തിൽ പ്ലാറ്റ് ഫോമോടെ ആകാശപാതയുടെ ആദ്യ പ്ലാൻ. പിന്നീട് പ്ലാൻ പല തവണ മാറ്റി . ഇപ്പോൾ ഗാന്ധി മണ്ഡപം കൂടി ആകാശപാതയുടെ മുകളിൽ വരുമെന്നു കേൾക്കുന്നു.എന്തു വന്നാലും കുഴപ്പമില്ല.ഏതെങ്കിലും ഒന്ന് യാഥാർത്ഥ്യമാകുന്നത് കണ്ടിട്ട് കണ്ണടച്ചാൽ മതിയെന്ന് പ്രാർത്ഥിക്കുന്നവർ ഒന്നുകിൽ പണി പൂർത്തിയാക്കണം, അല്ലെങ്കിൽ കാശ് പോയതു പോകട്ടെ പൊളിച്ചു കളഞ്ഞു നാണക്കേട് മാറ്റണമെന്നാണ് പരിഹാസത്തോടെ പറയുന്നത്.

കോട്ടയത്തെ ഗതാഗതകുരുക്ക് ഇല്ലാതാക്കാൻ നാഗമ്പടത്തു നിന്ന് കോടിമതവരെ ഒരു ഫ്ലൈഓവർ കൊണ്ടു വരാൻ മുൻ എം.എൽ.എ ആലോചിച്ചിരുന്നു. ഇടതു മുന്നണി ബഡ്ജറ്റിൽ പണവും അനുവദിച്ചിരുന്നു. കുറച്ച് പേരുടെ സ്ഥലവും വീടും നഷ്ടപ്പെടുന്ന പദ്ധതിയായിട്ടും ആക്ഷൻ കമ്മിറ്റി വരെ ഉണ്ടാക്കി അത് ടോർപ്പിഡോ വെച്ചു പൊളിച്ചു. ആ പദ്ധതി വന്നിരുന്നവെങ്കിൽ നാഗമ്പടം മുതൽ മണിപ്പുഴ വരെയുള്ള ഇപ്പോഴത്തെ ബ്ലോക്ക് ഒഴിവാക്കി കിട്ടിയേനെ. അതിന് ശേഷം ബേക്കർ ജംഗ്ഷനിലെ കുരുക്ക് ഒഴിവാക്കാൻ കൊണ്ടുവന്നതാണ് ആകാശപാത. അതും ത്രിശങ്കുവിലായി.

രാഷ്ട്രീയം കോട്ടയത്തെ വികസന പദ്ധതികൾക്കുള്ള ശാപമാണെന്നു തോന്നുന്നു. രാഷ്ടീയത്തിനതീതമായി പ്രവർത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. കൊടൂരാർ മീനച്ചിലാർ നദീ സംയോജനം പോലും യാഥാർത്ഥ്യമായത് രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ കാരണമാണ്. ആകാശപാതയുടെ കാര്യത്തിലും അത്തരമൊരു കൂട്ടായ്മ ഉണ്ടാവണം .ജില്ലാ ഭരണകൂടവും ഇതിൽ ഇടപെടണം. അതല്ലെങ്കിൽ ആരെങ്കിലും കോടതിയെ സമീപിച്ച് ഒരു തീർപ്പുണ്ടാക്കണം. അല്ലാതെ ഒരു മാതിരി..! കൂടുതൽ പറയിക്കരുത് ....എഴുതിക്കരുത്....