മുത്തോലി : പഞ്ചായത്ത് പ്രസിഡന്റ് പദവിയെച്ചൊല്ലി യു.ഡി.എഫിൽ വീണ്ടും തർക്കം മുറുകുന്നു. മാണി ഗ്രൂപ്പിലെ സന്ധ്യ.ജി.നായരെ അവസാന നിമിഷം വെട്ടി കോൺഗ്രസിലെ അഡ്വ.ജിസ്‌മോൾ തോമസ് മുത്തോലി പഞ്ചായത്ത് പ്രസിഡന്റായത് ആറുമാസം മുമ്പാണ്. മാർച്ച് 2 ന് ആറുമാസം പൂർത്തിയാകുമ്പോൾ പ്രസിഡന്റ് പദവി തങ്ങൾക്ക് നൽകാമെന്നായിരുന്നു ധാരണയെന്നാണ് മാണി ഗ്രൂപ്പ് നേതൃത്വം പറയുന്നത്. എന്നാൽ ഇങ്ങനെയൊരു കരാറുള്ളതായി തനിക്കറിയില്ലെന്നും ഇത് സംബന്ധിച്ച് ഒരു സമ്മതപത്രത്തിലും ഒപ്പിട്ടിട്ടില്ലെന്നും മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജിസ്‌മോൾ പറഞ്ഞു. കോൺഗ്രസിന് ഒന്നര വർഷത്തേക്ക് പ്രസിഡന്റ് പദവി എന്നായിരുന്നു മുൻ ധാരണ. ഈ ഭരണ കാലാവധി പൂർത്തിയാകും വരെ പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനാണ്. മറിച്ചുള്ള വാദങ്ങൾക്കൊന്നും പ്രസക്തിയില്ല. ഉമ്മൻചാണ്ടിയും ജോസ്. കെ. മാണിയും തമ്മിൽ നേരിട്ടുള്ള ധാരണയാണെന്നും പ്രസിഡന്റ് പദവി തങ്ങൾക്ക് ഉറപ്പായും കിട്ടിയേ തീരൂവെന്നുമാണ് മാണി ഗ്രൂപ്പ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. 13 അംഗ ഭരണസമിതിയിൽ 7 പേർ മാണി ഗ്രൂപ്പ് പ്രതിനിധികളാണ്. കോൺഗ്രസിന് 2 പ്രതിനിധികളേയുള്ളൂ. ബി.ജെ.പി. യ്ക്ക് 3 അംഗങ്ങളും ഇടതുമുന്നണിക്ക് ഒരു സ്വതന്ത്ര അംഗവുമാണുള്ളത്.