വടവാതൂർ: ഏഴര ഏക്കറിൽ പരന്നു കിടക്കുന്ന വടവാതൂർ ഡപിംഡ് യാർഡിലെ മാലിന്യ പ്രശ്‌നം ഇന്നും പരിഹാരമായിട്ടില്ല. വേനൽ കാലമാകുമ്പോൾ ഇവിടെ കൂടിക്കിടക്കുന്ന മാലിന്യത്തിനു തീപിടിക്കുന്നത് പതിവാണ്. ഒരാഴ്ചയായി മിക്ക ദിവസവും ഇവിടെ തീപിടിത്തമുണ്ടാകുന്നു. വിജയപുരം പഞ്ചായത്തിലെ 16ാം വാർഡിലാണ് ഡപിംഡ് യാർഡ് സ്ഥിതി ചെയ്യുന്നത്. ഏഴു പതിറ്റാണ്ടിലധികമായി കോട്ടയം നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും നിക്ഷേപിച്ചിരുന്നത് ഈ യാർഡിലായിരുന്നു. ടൺ കണക്കിനു മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നതിനാൽ സമീപവാസികൾക്കും നാട്ടുകാർക്കും നിരവധി ആരോഗ്യ പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉയർത്തിയിരുന്നു. സമീപത്തെ റോഡിലൂടെ കടന്നുപോകാൻ കഴിയാത്ത രീതിയിലുള്ള ദുർഗന്ധമായിരുന്നു ഇവിടെ നിന്ന് വമിച്ചിരുന്നത്. മഴക്കാലങ്ങളിൽ ഇവിടെ നിന്നുള്ള മലിനജലം റോഡിലേയ്ക്കാണ് ഒഴുകി എത്തിയിരുന്നത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിനെതിരായി അന്ന് ബൈജു ചെറുകോട്ടായിൽ ചെയർമാനായുള്ള സമരസമിതി രൂപീകരിച്ചിരുന്നു. പ്രതിഷേധങ്ങളുടെ ഫലമായി 2013 ഡിസംബർ 31ന് വടവാതൂർ ഡംപിഗ് സ്റ്റേഷൻ അടച്ചുപൂട്ടി. അതിനുശേഷം ഇവിടെ മാലിന്യം എത്തുന്നില്ലെങ്കിലും 70 വർഷമായി ഇവിടെ കെട്ടിക്കിടക്കുന്ന മാലിന്യം ഗുരുതരമായ ആരോഗ്യപാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉയർത്തുന്നത്. ഇവിടെ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ വിജയപുരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബൈജു ചെറുകോട്ടയിൽ ഫയൽ ചെയ്തിരുന്ന കേസ് ഹൈക്കോടതിയിൽ തുടരുന്നു.
മാലിന്യം വളമാക്കാനുള്ള പദ്ധതിയും നടപ്പിലായില്ല
2014 ൽ ഉണ്ണിത്താൻ എന്ന സ്വകാര്യ വ്യക്തി മാലിന്യ പ്രശ്‌നം പരിഹരിക്കാൻ രംഗത്ത് വന്നെങ്കിലും വിജയം കണ്ടില്ല. തുടർന്ന് 2018 ൽ ഡപിംഗ് യാർഡിൽ കെട്ടിക്കിടക്കുന്ന മുഴുവൻ മാലിന്യങ്ങളും സംസ്‌ക്കരിച്ച് വളമാക്കി മാറ്റാമെന്നും ആറുമാസം കൊണ്ട് ഡംപിംഗ് യാർഡ് പൂർണ്ണമായും മാലിന്യ വിമുക്തമാക്കാമെന്നും നാഷണൽ അലൈൻസ് ഫോർഗ്രീൻ എന്ന ഓൾ ഇന്ത്യ ലെവൽ പ്രവർത്തി്ക്കുന്ന ഏജൻസി പഞ്ചായത്തിനെ സമീപിക്കുകയും സമരസമിതി മുഖേന നഗരസഭയിൽ കത്ത് നല്കുകയും ചെയ്തിരുന്നു. കൂടാതെ, വളം വിറ്റ് ലഭിക്കുന്ന തുകയിൽ നിശ്ചിത തുക കോട്ടയം നഗരസഭയ്ക്ക് നൽകണമെന്നുമായിരുന്നു കരാർ. എന്നാൽ, നാളിതു വരെയായിട്ടും ഈ വിഷയത്തിൽ നഗരസഭയുടെ ഭാഗത്ത് നിന്നും അനുകൂലമായ നടപടികൾ സ്വീകരിച്ചിട്ടില്ല.
പരാതികൾ വിഫലം, തീപിടിത്തം പതിവ്
വേനൽ കടുക്കുന്തോറും മാലിന്യത്തിനു തീപിടിച്ചു വിഷപുക പകരുകയാണ്. സമീപത്തുള്ള ശാന്തിഗ്രാം കോളനി, കാർമൽ വില്ല നിവാസികൾ, യാർഡിന്റെ പരിസരത്ത് താമസിക്കുന്നവർ എന്നിങ്ങനെ നൂറ് കണക്കിനു ആളുകളെ മാറാരോഗികളാക്കുകയാണ്. ഇതിന്റെ ദുരിതം പരിസരവാസികൾക്ക് മാത്രമല്ല, കിലോമീറ്ററുകൾ അകലെ താമസിക്കുന്ന ആളുകൾ പോലും ദുരിതമനുഭവിക്കുന്നു. എല്ലാ ദിവസങ്ങളിലും കോട്ടയം ഫയർ റെസ്‌ക്യൂവിൽ നിന്ന് രണ്ടും മൂന്നും യൂണിറ്റ് എത്തിയാണ് തീയും പുകയും അണയ്ക്കുന്നത്.