എലിക്കുളം : ദിനപ്പത്രങ്ങളടക്കം ആനുകാലിക പ്രസിദ്ധീകരണങ്ങളെല്ലാമുണ്ട്. അത്യാവശ്യം വേണ്ട പുസ്തകങ്ങളും. ഒപ്പം ബസ് കാത്തിരിപ്പുകേന്ദ്രവുമാണ്. അക്ഷരങ്ങളെ ഏറെ സ്‌നേഹിച്ച പിതാവിന്റെ സ്മരണകൾ നിലനിറുത്താൻ മക്കൾ ഒരുക്കിയത് ഒരു പുതിയ ലൈബ്രറി കെട്ടിടവും തുറന്ന വായനമുറിയും. പാമ്പോലി നവഭാരത് ലൈബ്രറിയാണ് എലിക്കുളം ഗ്രാമപഞ്ചായത്തംഗവും പാലാ സെന്റ് തോമസ് കോളേജിലെ ഇംഗീഷ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ.ജോർജ് സി.മുത്തോലിയുടെ സ്മാരകമായി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ നവീന ആശയം നടപ്പാക്കുന്നത്. വിശ്രമമില്ലാതെ പായുന്ന ജീവിതത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ വായനാമുറി വായനക്കാർക്ക് ഏറെ ആശ്വാസകരമാകും.
വക്കൻസാറിന്റെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന ആയിരത്തോളം പുസ്തകങ്ങൾ പാമ്പോലി നവഭാരത് ലൈബ്രറിയ്ക്ക് മക്കളും മരുമക്കളും ചേർന്ന് നേരത്തേ നല്കിയിരുന്നു. അടുത്ത കാലത്താണ് എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡംഗവുമായ മാത്യൂസ് പെരുമനങ്ങാടിന്റെ നേതൃത്വത്തിൽ ലൈബ്രറി ഭാരവാഹികളടങ്ങുന്ന സംഘത്തെ ലൈബ്രറി കെട്ടിടം പണിയാനുള്ള ആഗ്രഹം വീട്ടുകാർ അറിയിച്ചത്. പ്രസിഡന്റ് ബാബു നടപ്പുറകിലും. സെക്രട്ടറി തോമസ് മാത്യുവും, ഭാരവാഹികളായ ജസ്റ്റിൻ മണ്ഡപത്തിലും, സിബി സ്റ്റീഫൻ ആയില്ലൂക്കന്നേമും ചേർന്ന് നാട്ടിലെ ഉദാരമതികളുടെ സഹായത്തോടെ കെട്ടിടനിർമ്മാണം ആരംഭിച്ചു.
തുറന്ന വായനാമുറിയിൽ എ.ടി.ബി (എനി ടൈം ബുക്ക്) കൗണ്ടറും സ്ഥാപിച്ചു. തിരത്തെടുത്ത ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ കൗണ്ടറിൽ ഉണ്ടാകും. രജിസ്റ്ററിൽ സ്വയം രേഖപ്പെടുത്തിയ ശേഷം പുസ്തകങ്ങൾ എടുത്തു കൊണ്ട് പോയി വായിക്കാം. തുറന്ന വായനമുറി, ബസ് കാത്തിരിപ്പ് കേന്ദ്രമായും ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. ദിനപത്രങ്ങൾ, വാരികകൾ, ബസ് സമയം, ഓട്ടോറിക്ഷ ജീവനക്കാരുടെ ഫോൺ നമ്പരുകൾ, ഫാൻ, മൊബൈൽ ചാർജർ എന്നിവയും ഒരുക്കും. ഏപ്രിൽ 5 ന് വൈകിട്ട് 6 ന് മാണി.സി.കാപ്പൻ എം.എൽ.എ ലൈബ്രറിയും, തുറന്ന വായനമുറിയും നാടിന് സമർപ്പിക്കും.