പാലാ : കരൂർ പഞ്ചായത്തിലെ പോണ്ടാനംവയൽ തോട്ടിൽ മണ്ണിട്ടത് പാലം പണിയുന്നതിന് മുന്നോടിയായുള്ള പൈലിംഗിനുള്ള മെഷീൻ ഉറപ്പിക്കുന്നതിനാണെന്ന് തൊട്ടടുത്തുള്ള സ്ഥലമുടമ കാരാമയിൽ ജോസഫ് പറഞ്ഞു. കരൂർ പഞ്ചായത്ത് അധികാരികളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനുമതിയോടെയാണ് പാലം പണിയുന്നതെന്നും വിമുക്ത ഭടൻ കൂടിയായ ജോസഫ് വിശദീകരിച്ചു. തോടിനു കുറുകെ മണ്ണിട്ടുയർത്തി റോഡാക്കിയ നടപടി നിയമലംഘനമാണെന്നും 24 മണിക്കൂറിനകം മണ്ണ് മാറ്റണമെന്നും കരൂർ പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിടുക്കത്തിൽ മണ്ണ് മാറ്റുന്നില്ലെന്നും, ഒരാഴ്ചകൊണ്ട് പാലത്തിന്റെ പൈലിംഗ് വർക്കുകൾ പൂർത്തിയാക്കിയ ശേഷം മണ്ണ് മാറ്റി തോട് പൂർവസ്ഥിതിയിലാക്കുമെന്നും ജോസഫ് പറഞ്ഞു.
പാലം പണിക്കായി കഴിഞ്ഞ ആഗസ്റ്റിൽ അനുവാദം കിട്ടിയതാണെങ്കിലും തോട്ടിലെ വെള്ളം വറ്റാനാണ് ഇത്രയും കാലം കാത്തിരുന്നത്. ചിലർ പഞ്ചായത്ത് റവന്യൂ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് സ്റ്റോപ്പ് മെമ്മോ നൽകിച്ചതാണെന്നും നിയമപരമായി തനിക്കുള്ള അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിൽ പാലം പണിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.