പാലാ : തയ്യൽ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കി കൊടുക്കാൻ വേണ്ട പരിശ്രമം നടത്തുമെന്ന് മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ പാലാ ഏരിയായുടെ 37-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തയ്യൽ തൊഴിലാളികൾ സമർപ്പിച്ച നിവേദനം മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു. പാലാ എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് എസ്.പരമേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്.സോമൻ മുഖ്യപ്രഭാഷണം നടത്തി. ജോയി കളരിക്കൽ, ടി.കെ. ശശിധരൻ, കെ.പ്രദീപ് കുമാർ, കെ.ബി. ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു. 37 വർഷമായി എ.കെ.ടി.എയുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്ന കെ.എസ്.സോമൻ, ജോയി കളരിക്കൽ എന്നിവരെയും യൂണിറ്റ് തലത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന കൊഴുവനാൽ യൂണിറ്റ് സെക്രട്ടറി പി.ആർ.സുകുമാരനേയും മാണി. സി. കാപ്പൻ പൊന്നാട അണിയിച്ചാദരിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി നൽകാതിരിക്കുന്ന പ്രസവാനുകൂല്യം ഉടൻ വിതരണം ചെയ്യണമെന്നും തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ഏരിയാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.