തലയോലപ്പറമ്പ് : മുളക്കുളം കളമ്പൂക്കാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ പാന മഹോത്സവത്തിന് ഇന്ന് കേളികൊട്ടുയരും. അരിയേറ്, ചെറിയപാന, വലിയപാന തൂക്കം എന്നിവ അടങ്ങുന്ന അനുഷ്ഠാനപരമായ ചടങ്ങുകളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന പാന മഹോത്സവം. ഇന്ന് പുലർച്ചെ നടക്കുന്ന പടയണിയോടെ കാവിൽ പാനയ്ക്ക് തുടക്കമാകും. ദാരിക ദാനവേന്ദ്രൻമാരെ ശ്രീഭദ്രകാളി ഉഗ്ര യുദ്ധത്തെ തുടർന്ന് വധിക്കുന്നതിനെ പ്രതീകവത്ക്കരിച്ച് നടക്കുന്ന ചടങ്ങുകളാണ് പാനനാളുകളിൽ നടക്കുന്നത്. കോട്ടയം,എറണാകുളം ജില്ലകൾ സംഗമിക്കുന്ന കളമ്പൂരിൽ നടക്കുന്ന പാനമഹോത്സവം ഇരു ജില്ലകളിൽ നിന്നുമായി ആയിരങ്ങളെ ആകർഷിക്കുന്ന പ്രധാന ഉത്സവമാണ്. പടയണി, അരിയേറ് വിളക്ക്, പാനപ്പുര പൂജ, പാന തുളളൽ,പാന എഴുന്നള്ളിപ്പുകൾ ,താലപ്പൊലി, പാനപ്പുര വലിയഗുരുതി, ഒറ്റത്തൂക്കം ദാരികൻ തൂക്കം ഗരുഡൻതൂക്കം, കെട്ടുകാഴ്ച്ചവരവ്, തുടങ്ങിയവയാണ് പാന നാളുകളിലെ പ്രധാന അനുഷ്ഠാനങ്ങൾ. പാനക്കാർക്ക് പാരമ്പര്യ വിഭവങ്ങളോടെ നൽകുന്ന പാനക്കഞ്ഞി കാവിലെത്തുന്ന മുഴുവൻ ഭക്തർക്കും ദേവീ പ്രസാദമായിവിതരണം ചെയ്യും.24 ന് പുലർച്ചേയാണ് പടയണി. കത്തിച്ച ചൂട്ടുകറ്റകളുമായി ദേവീ സ്തുതികൾ പാടി ഭക്തസംഘങ്ങൾ കാവിന് പ്രദക്ഷിണം വയ്ക്കും. വൈകീട്ട് ദീപാരാധന 9 ന് അരിയേറ് വിളക്ക്. രാത്രിഅരിയേറത്താഴസദ്യ. ചെറിയപാനദിവസമായ 25 ന് രാവിലെ 7 മുതൽ പുരാണപാരായണം, 9.30 ന് തിരുവാതിരകളി,10.30 ന് കോൽക്കളി, 11 ന് പാനപ്പുര പൂജ, ഉച്ചപ്പൂജ, പാനതുള്ളൽ, പാനക്കഞ്ഞിവിതരണം 2.30 ന് ദേവിയെ പാന നടയിലേയ്ക്ക് എഴുന്നളളിക്കും. തിരുമറയൂർ മുരളീധരമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയാകും .ധീവര സഭ കളമ്പൂർ, മുളക്കുളം ശാഖകളുടെ ഗരുഡനും മേവെള്ളൂർ ശ്രീവേദവ്യാസ ധീവര സമാജത്തിന്റെ ഭീമനും (കെട്ടുകാഴ്ച്ചകൾ) പുഴയിലൂടെ കാവിലേയ്ക്ക് എഴുന്നള്ളിക്കുന്ന കാഴ്ച്ച കാണാൻ ആയിരങ്ങൾ പുഴയുടെ ഇരു കരകളിലുമായി തടിച്ചുകൂടും. വൈകീട്ട് ദീപാരാധനയെ തുടർന്ന് മാടമന ശ്രീബാലഭദ്ര ക്ഷേത്രത്തിൽ നിന്നും കളമ്പൂർ കോട്ടപ്പുറം പടിഞ്ഞാറെ കവലയിൽ നിന്നും താലപ്പൊലി. 7.30 ന് വയലാർ സന്ധ്യ 10 ന് ബാലെ.
26 ന് പ്രസിദ്ധമായ വലിയപാന. ദേവി ദാരികനെ നിഗ്രഹിക്കുന്നതിനെ പ്രതീകവത്ക്കരിക്കുന്ന ചടങ്ങുകളാണ് വലിയ പാന നാളിൽ നടക്കുന്നത്. രാവിലെ 7 മുതൽ പുരാണപാരായണം, 9.30 ന് ഭജൻ, ഉച്ചപ്പൂജയെ തുടർന്ന് 2.30 ന് ആരംഭിക്കുന്ന പാനഎഴുന്നള്ളിപ്പിന് വാദ്യകലാനിധി തിരുമറയൂർ ഗിരിജൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയാകും. വൈകിട്ട് 7.30 ന് നൃത്തനൃത്യങ്ങൾ. 9 ന് തെട്ടൂർ ശിവക്ഷേത്രം, മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രനട കളമ്പൂർ സ്‌ക്കൂൾ മലഭാഗം എന്നിവിടങ്ങളിൽ നിന്നും താലപ്പൊലി. 10 ന് നാടകം. സമാപന ദിവസമായ 27 ന് തൂക്കമാണ് പ്രധാനം. ഉച്ചയ്ക്ക് പാനപ്പുരയിൽ വലിയ ഗുരുതി. വൈകീട്ട് ദീപാരാധനയെ തുടർന്നു് ദേവിയെ കീഴ്ക്കാവിലേയ്ക്ക് എഴുന്നള്ളിക്കും. തുടർന്ന് 7 ന് ഒറ്റത്തൂക്കം, ദേശതാലപ്പൊലി, രാത്രി 12 ന് ദാരികൻ തൂക്കം തുടർന്ന് ഗരുഡൻ തൂക്കം എന്നിവ നടക്കും.