കോട്ടയം: ജില്ലയിൽ ഇന്ന് ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.
സൂര്യതാപം, സൂര്യാഘാതം തുടങ്ങിയവയെ പ്രതിരോധിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണം.
മൃഗങ്ങൾക്കും പക്ഷികൾക്കും തണലും വെള്ളവും ലഭ്യമാക്കണം. വളർത്തു മൃഗങ്ങൾക്ക് ചൂടു മൂലം തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ നേരിട്ടാൽ പ്രഥമ ശുശ്രൂഷ നൽകുകയും വൈദ്യസഹായം ലഭ്യമാക്കുകയും വേണം. നിർജ്ജലീകരണം തടയാൻ ഒ.ആർ.എസ് ലായനി ഉപയോഗിക്കാം.
കാഴ്ച്ച പരിമിതർക്കായി മുൻകരുതൽ നിർദേശങ്ങൾ ബ്രെയിൽ ലിബിയിൽ തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ധാരാളം വെള്ളം കുടിക്കുകയും കുപ്പിയിൽ വെള്ളം കൈയിൽ കരുതുകയും ചെയ്യണം.
നിർജ്ജലീകരണം വർദ്ധിപ്പിക്കുന്ന മദ്യം പോലെയുള്ള പാനീയങ്ങൾ ഒഴിവാക്കണം.
അയഞ്ഞതും ഇളം നിറത്തിലുള്ളതും കനം കുറഞ്ഞതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കണം.
പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം.
രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുട്ടികളെ പുറത്തിറക്കുന്നത് ഒഴിവാക്കണം.
സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യതയും വായു സഞ്ചാരവും ഉറപ്പ് വരുത്തണം. അങ്കണവാടികളിൽ കുട്ടികൾക്ക് ചൂട് ഏൽക്കാതിരിക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തണം.
പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, രോഗികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
പകൽ സമയത്ത് സഞ്ചരിക്കുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കണം.
തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പാലിക്കണം.