തലയോലപ്പറമ്പ്: മേട്ടോർ സൈക്കിളിൽ എത്തി തലയോലപ്പറമ്പ് തിരുപുരം ക്ഷേത്രത്തിനുസമീപം നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ആലപ്പുഴ മവേലിക്കര തെക്കേകര കല്ലുവെട്ടാംകുഴി വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (27), കൊല്ലം അഞ്ചാലുംമൂട് പെരുനാട് കൊച്ചഴിയത്തുപണയിൽ ശശി (44) എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. എറണാകുളം വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗോതുരുത്ത്, പാലിയം എന്നിവിടങ്ങളിൽ സ്ത്രീകളുടെ മാല മോഷണം നടത്തിയ കേസിൽ വടക്കേക്കര പൊലീസ് ആണ് ഇവരെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡിൽ ആയ ഇവരെ തലയോലപ്പറമ്പ് പൊലീസ് വൈക്കം കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയായിരുന്നു. തലയോലപ്പറമ്പ് എസ് എച്ച് ഒ ജർളിൻ വി.സ്കറിയ, എസ്ഐ ടി.കെ.സുധീർ എന്നിവരുടെ നേതൃത്വത്തിൽ ആണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ വീട്ടമ്മ തിരിച്ചറിഞ്ഞു. മാല പൊട്ടിച്ച അന്നുതന്നെ സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നും പൊലീസിന് മോഷ്ടാക്കളുടെ ചിത്രം ലഭിച്ചിരുന്നു. നവംബർ 22 ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ തലയോലപ്പറമ്പ് കൃഷ്ണ പ്രസാദം വീട്ടിൽ സുമ എം. നായരുടെ 2 പവനിൽ അധികം വരുന്ന സ്വർണ്ണ മാലയാണ് പ്രതികൾ കവർന്നത്. കോട്ടയം, എറണാകുളം ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്ത് നിരവധി മാല മോഷണ കേസിൽ പ്രതികളായിട്ടുള്ളവരാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.