കോട്ടയം: വീട്ടമ്മയെ തേയിലത്തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വണ്ടിപ്പെരിയാർ ഡൈമുക്ക് ഭാഗത്ത് പുതുവേൽ പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മയുടെ (55) മൃതദേഹമാണ് ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6.45ഓടെ കന്നുകാലികളെ നോക്കാൻ പോയപ്പോഴാണ് സംഭവം. തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങലിലും മുറിവുകളുണ്ട്. തോട്ടം തൊഴിലാളിയാണ് കൊല്ലപ്പെട്ട വിജയമ്മ. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്നാൽ, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് കട്ടപ്പന ഡിവൈ.എസ്.പി പറഞ്ഞു.
ഇന്നലെ രാത്രി തന്നെ വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി. വണ്ടിപ്പെരിയാർ എസ്.ഐ രഘു ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടുക്കി പൊലീസ് ചീഫ് പി.കെ. മധു, കട്ടപ്പന ഡിവൈ.എസ്.പി എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്.