കോട്ടയം: കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) പദ്ധതിയിൽ എല്ലാ കർഷകരെയും ചേർക്കാൻ തീവ്രയജ്ഞപദ്ധതി ആരംഭിച്ചിട്ടും ഭൂരിഭാഗം കർഷകരും പരിധിക്ക് പുറത്ത്. പ്രത്യേക ക്യാമ്പയിൻ തുടങ്ങിയെങ്കിലും ഒരു ലക്ഷത്തോളം പേർ ഇനിയും അംഗങ്ങളാകാനുണ്ട്.
കാർഷിക സഹായങ്ങൾ നേരിട്ട് നൽകാനാണ് കിസാൻ ക്രെഡിറ്റ് കാർഡ് നിർബന്ധമാക്കിയത്. പ്രധാനമന്ത്രി കൃഷി സമ്മാൻ, സ്വർണത്തിന് മേലുള്ള കാർഷിക വായ്പ തുടങ്ങിയവ ഇനി കിസാൻ ക്രഡിറ്റ് കാർഡുള്ളവർക്കേ ലഭിക്കൂ. കൃഷി വകുപ്പ് കഴിഞ്ഞ ദിവസം മുതൽ കാർഡിനുള്ള അപേക്ഷ സ്വീകരിക്കാൻ പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചെങ്കിലും കർഷകരിൽ നിന്ന് കാര്യമായ പ്രതികരണമുണ്ടായിട്ടില്ല.
കർഷകർക്ക് ഗുണം
അമിത പലിശയ്ക്ക് കൃഷിയ്ക്കാവശ്യമായ പണം കടമെടുക്കുന്നത് തടയുന്ന പദ്ധതി
കൃഷിക്ക് വേണ്ട സമയത്ത് പണം ലഭ്യമാക്കുന്നതിനും പദ്ധതി ഉപയോഗിക്കാം
ചെറിയ കാലയളവലിലേയ്ക്കും ദീർഘ കാലയളവിലേയ്ക്കും ആവശ്യാനുസരണം വായ്പ
7 % പലിശയ്ക്കാണ് വായ്പയെങ്കിലും കൃത്യമായി തിരിച്ചടച്ചാൽ 3 % സബ്‌സിഡി
കാർഡ് ലഭിക്കാൻ
ഓരോ കൃഷിക്കും നിർദേശിച്ചിട്ടുള്ള ഉയർന്ന അളവിൽ ഭൂമിയുള്ളവർക്കാണു കെ.സി.സി അക്കൗണ്ട് നൽകുന്നത്. സ്വന്തം ഭൂമിയുടെ കരമടച്ച രസീതും കൈവശാവകാശ സർട്ടിഫിക്കറ്റുമാണ് സമർപ്പിക്കേണ്ടേ രേഖകൾ. ശരാശരി ഒരു സെന്റിന് 2000 രൂപയാണ് വായ്പ. ചെറിയ കാലയളവിലേക്ക് 1.6 ലക്ഷം വരെ വായ്പ ലഭിക്കും. ദീർഘകാലയളവിലേക്ക് 3 ലക്ഷം വരെയാണ് വായ്പ. കൃഷിക്കാരന് ആവശ്യമുള്ളപ്പോൾ അതിൽ നിന്ന് പണമെടുക്കാം. ഒരു വർഷത്തിനുള്ളിൽ പുതുക്കിയാൽ പലിശയിളവ് ലഭിക്കും. കർഷകകൂട്ടായ്മ കൾക്കും വായ്പ ലഭിക്കും.
കെ.സി.സിയുള്ളവർ: 81,323
ക്യാമ്പയിനിലൂടെ നേടിയർ: 494
ആകെ കർഷകർ: 1,88200
'' അർഹരായ കർഷകർക്ക് കെ.സി.സി നൽകാനുള്ള തീവ്രയജ്ഞത്തിലാണ്. പ്രത്യേക ക്യാമ്പയിനിലൂടെ കെ.സി.സി അപേക്ഷ സ്വീകരിക്കുകയാണ്. ഇതിനുള്ള തീയതി നീട്ടിയേക്കും''
- കൃഷി വകുപ്പ് ഉദ്യോഗസ്ഥർ