കോട്ടയം : തൊടിയിൽ ചീഞ്ഞളിഞ്ഞ് ചക്കപ്പഴം! ഇന്നലകളിൽ നാട്ടിൻപുറങ്ങളിലെ കാഴ്ചകൾ ഇതായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ചക്ക കിട്ടാനില്ല, കിട്ടണമെങ്കിൽ നല്ല വിലയും നൽകണം. ഇന്നിപ്പോൾ ചക്കയുടെ വില കേട്ടാൽ ആവശ്യക്കാരൻ നെറ്റി ചുളിക്കുമെന്നതാണ് അവസ്ഥ. കമ്പോളത്തിൽ കൂഴയ്ക്കും വരിക്കയ്ക്കും ഒരേപോലെ ആവശ്യക്കാരുണ്ട്. ഇടത്തരം വലിപ്പമുള്ള ഒരു ചക്കയ്ക്ക് 100 മുതൽ 150 രൂപ വരെ കൊടുക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉൽപാദനം കുറഞ്ഞതോടെയാണ് വിപണിയിൽ ചക്ക വില കുതിച്ചുയർന്നത്. സാധാരണ ഒക്ടോബർ - നവംബർ മാസം മുതലാണ് പ്ലാവ് പൂവിടുക. എന്നാൽ ഇത്തവണ സിസംബർ പകുതിക്ക് ശേഷമാണ് പൂവിട്ടത്. ഇതോടെ ഇടി ചക്കയ്ക്ക് ദൗർലഭ്യം ഉണ്ടായതും വിപണിയിൽ ചക്കയുടെ വില ഉയരുന്നതിന് കാരണമായി. ഒരോ സീസണിലും ടൺ കണക്കിന് ചക്കയാണ് കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളലേക്ക് കയറിപ്പോകുന്നത്.
മുമ്പ് പ്രധാന പട്ടണങ്ങളിൽ വഴയോര കച്ചവടമായിട്ടാണ് ചക്ക വിറ്റിരുന്നതെങ്കിൽ ഇന്ന് ഗ്രാമീണ മേഖലകളിലെ കടകളിലും സൂപ്പർ മാർക്കറ്റുകളിലും ചക്ക വിൽപ്പന ചരക്കായി സ്ഥാനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 50 മുതൽ 100 രൂപ വരെ വിലയുണ്ടായിരുന്ന ചക്കയുടെ വില ഉയർന്നത് കർഷകർക്കും നേട്ടമായിരിക്കുകയാണ്. നാട്ടിൻപുറങ്ങളിൽ മൂപ്പെത്താത്ത ചക്ക വാങ്ങാൻ വ്യാപാരികൾ എത്താറുണ്ട്. ബിസ്‌ക്കറ്റ് ഫാക്ടറികളലേക്കാണ് ഇത്തരം മൂപ്പെത്താത്ത ചക്ക കൂടുതലായും കയറി പൊയ്‌കൊണ്ടിരിക്കുന്നത്. എന്നാൽ ചക്കയുടെ ഡിമാന്റ് വർധിച്ചതോടെ ഇപ്പോൾ മൂപ്പെത്താത്ത ഇടിചക്കയ്ക്കും വില ഉയർന്നു. 30 മുതൽ 40 രൂപ വരെയാണ് ഇപ്പോൾ ഇടി ചക്കയുടെ വില.
ഔഷധഗുണം ഏറെ
ചക്കയുടെ ഔഷധ ഗുണവും പ്രതിരോധ ശേഷിയും തിരിച്ചറിഞ്ഞതോടെയാണ് ആഗോളതലത്തിൽ ചക്കയ്ക്ക് നല്ല കാലമായത്. പ്രമേഹ രോഗികൾക്ക് ചക്ക നല്ല ഭക്ഷണമാണ്. കൂടാതെ കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷിയും ചക്കയ്ക്കുണ്ട്. ചക്കയിൽ നിന്ന് കൂടുതൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിയതും ഡിമാന്റ് വർധിക്കാൻ കാരണമായി. സൂപ്പർമാർക്കറ്റുകളിൽ റെഡി ടു കുക്കിന് പാകമായ ഒരു കലോ പച്ച ചക്കയ്ക്ക് 200 മുതൽ 250 രുപ വരെയാണ് വില. ചക്കകുരു കിലോയ്ക്ക് നൂറു രൂപയ്ക്കാണ് ചില്ലറ വിൽപ്പന നടത്തുന്നത്.
തൈകൾക്കും ഡിമാൻഡ്
ചക്കയുടെ ഡിമാന്റ് വർധിച്ചതോടെ പ്ലാവിൻ തൈകൾക്കും ആവശ്യക്കാരേറെയാണ്. മൂന്ന് വർഷം കൊണ്ട് ഫലം തന്നു തുടങ്ങുന്ന ബഡ് തൈകൾക്കാണ് ആവശ്യക്കാർ കൂടുതൽ. 300 മുതൽ 400 രുപ വരെയാണ് നഴ്‌സറികളിൽ ഒരു തൈയുടെ വില. ഒരു വർഷം കൊണ്ട് ഫലം തരുന്ന പ്ലാവിൻ തൈകളും നഴ്‌സറികളിൽ ഇടം പിടിച്ചിട്ടുണ്ട്.