elamaram-karim-

കോട്ടയം: കേബിൾ ടി.വി രംഗത്ത് കാലോചിതമായ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാമെന്നതിനെപ്പറ്റി ഓപ്പറേറ്റർമാർ ചർച്ച ചെയ്യണമെന്ന് എളമരം കരീം എം.പി പറഞ്ഞു. കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വീടുകളിലും സൗജന്യ ഇന്റർനെറ്റ് പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ഐ.ടി വകുപ്പുമായി സഹകരിച്ച് ഇത് പരമാവധി പ്രയോജനപ്പെടുത്തിയാൽ ഒരു പരിധി വരെ കുത്തകകളുടെ കടന്നുകയറ്റം ചെറുക്കാനാകും. മറ്റ് വഴികളുണ്ടായിട്ടും ബി.എസ്.എൻ.എല്ലിനെ കേന്ദ്രം കൈയൊഴിയുന്നത് ടെലികോം മേഖല ജിയോക്ക് അടക്കി ഭരിക്കാനാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുമ്പോൾ വിശ്വാസ്യത കൂടിയാണ് നഷ്ടപ്പെടുന്നത്. വിനോദ, വിവര, വിനിമയ മേഖലകളിൽ ജിയോ പിടിമുറുക്കുന്നത് ജാഗ്രതയോടെ കാണണം.അവരുടെ ഭരണ സ്വാധീനം കാരണം ടാറ്റ, എയർസെൽ നെറ്റ്‌വർക്കുകൾ നാമാവശേഷമായി. ഐഡിയയും വൊഡാഫോണും ലയിച്ചിട്ടും തകർച്ചയിൽനിന്ന് കരകയറാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വ്യവസായ നിക്ഷേപം കുറയുകയാണ്. 44 തൊഴിൽ നിയമങ്ങൾ ദേഭഗതി ചെയ്യാനൊരുങ്ങുകയാണ് കേന്ദ്രം. ഇതിനെ നാല് ലേബർ കോഡുകളാക്കി മാറ്റും. ഒന്ന് പാർലമെന്റ് പാസാക്കിക്കഴിഞ്ഞു. 56 കോടി മനുഷ്യരെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും ഇതിനെതിരെ എല്ലാ മേഖലകളിൽ നിന്നും പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.