വൈക്കം : കയർ രംഗത്ത് രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുക, മുഴുവൻ സംഘങ്ങൾക്കും തൊഴിൽ നൽകുക, കാലാനുസൃതമായ കൂലി വർദ്ധനവ് നടപ്പാക്കുക, കയർ ഫെഡ് - റണ്ണേജ് അനുസരിച്ച് തൂക്കം വെടിപ്പില്ലാതെയും കയർ വില ഉടനെ നൽകുക, സംഘങ്ങൾക്ക് ആവശ്യമായ പ്രവർത്തന മൂലധനം നൽകുക, കയർ സംഘം ജീവനക്കാർക്ക് സെക്ഷൻ 80 നടപ്പിലാക്കുക, സംഘങ്ങൾക്ക് സ്ഥാവര സ്വത്തുക്കളുടെ ഈടിന്മേൽ പലിശരഹിതമായി വായ്പ നൽകുക, അശാസ്ത്രീയമായ സംഘം രൂപീകരണം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് വൈക്കം കയർ പ്രോജക്ട് ഓഫീസ് പടിക്കൽ കയർ തൊഴിലാളി പ്രതിക്ഷേധ രോഷാഗ്നി നടത്തും. ബോട്ട് ജെട്ടിയിൽ നിന്ന് കയർ പ്രോജക്ട് ഓഫീസിലേക്ക് പ്രകടനമായെത്തി കയറും, കയറുല്പന്നങ്ങളും കത്തിച്ച് പ്രതിക്ഷേധിക്കും. സമ്മേളനം ടി.എൻ.രമേശൻ (എ.കെ.ടി.യു.സി ജില്ലാ പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും. എം.കെ.ശീമോൻ, സി.കെ.പ്രശേഭനൻ, എം.ഡി.ബാബുരാജ്, ലീനമ്മ ഉദയകുമാർ, പി.സുഗതൻ, ജോൺ.വി.ജോസഫ്, കെ.എസ്.രത്നാകരൻ, പി.കെ.അപ്പുക്കുട്ടൻ, മായാഷാജി, ശാന്ത ശിവദാസ് തുടങ്ങിയവർ സംസാരിക്കും.