പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഉടൻ നന്നാക്കാൻ ഇന്നലെ ചേർന്ന പാലാ നഗരസഭാ യോഗം തീരുമാനിച്ചു. സ്റ്റാൻഡിൽ ടൈൽ ഇടുന്നതിനുള്ള കരാർ ജോഷി തോമസ് എന്ന കരാറുകാരനെ ഏൽപ്പിച്ചു. 28 ലക്ഷം രൂപാ ചെലവഴിച്ചാണ് നിർമ്മാണം . കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് 'കേരള കൗമുദി" റിപ്പോർട്ടു ചെയ്തിരുന്നു. ടൗൺ ബസ് സ്റ്റാൻഡിലെയും, കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെയും ടൈം കീപ്പിംഗ് യൂണിറ്റിന് ഫീസ് ഏർപ്പെടുത്താനും നഗരസഭാ യോഗത്തിൽ തീരുമാനമായി. 10 തൊഴിലാളികളാണ് ഈ വിഭാഗത്തിലുള്ളത്. ഇവരിൽ നിന്നും പ്രതിമാസം 500 രുപാ വീതം അയ്യായിരം രൂപാ ഈടാക്കാനാണ് തീരുമാനം.
ബസുകളുടെ സമയം അനൗൺസ് ചെയ്യുന്ന സംവിധാനം ലേലത്തിൽ കൊടുക്കേണ്ടെന്നും കൗൺസിൽ തീരുമാനിച്ചു.

പ്രതിവർഷം അറുപതിനായിരത്തോളം രൂപാ ഈ ഇനത്തിൽ നഗരസഭയ്ക്ക് ലഭിക്കും. ഇതിനുള്ള ലൈസൻസ് ടൈം കീപ്പിംഗ് യൂണിറ്റിന് നൽകും. മൂന്നു വർഷത്തേയ്ക്കാണിത്. പിന്നീട് വേണ്ട മാറ്റങ്ങളോടെ തുടർന്നും ഫീസ് ഏർപ്പെടുത്താനും കൗൺസിലിൽ തീരുമാനമായി.

വൈസ് ചെയർമാൻ കുര്യാക്കോസ് പടവന്റെ വാർഡിലെ കുടിവെള്ള പദ്ധതിയുടെ പേര് മാറിയ വിഷയം ഭരണ പക്ഷാംഗങ്ങൾ തന്നെ ചോദ്യം ചെയ്തു. മൂന്നാനി കുടിവെള്ള പദ്ധതി, കിഴതടിയൂർ ചെറുകിട ജല വിതരണ പദ്ധതി എന്നിങ്ങനെ ഒരു പദ്ധതിക്ക് രണ്ട് പേര് വന്നത് എങ്ങനെയെന്ന ചോദ്യമുയർന്നതോടെ ഈ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്തൃസമിതി ഭാരവാഹികളുടെ ലിസ്റ്റ് അംഗീകരിക്കുന്ന വിഷയം മാറ്റിവെയ്ക്കുകയാണെന്ന് ചെയർപേഴ്‌സൺ മേരി ഡൊമിനിക് പറഞ്ഞു. ചർച്ചകളിൽ ബിജു പാലൂപ്പടവിൽ, പ്രൊഫ. സതീശ് ചൊള്ളാനി, അഡ്വ. ബെറ്റി ഷാജു, ബിജി ജോജോ , റോയി ഫ്രാൻസീസ്, ജോർജ് കുട്ടി ചെറുവള്ളിൽ, ഷെറിൻ പുത്തേട്ട്, ലിസ്യു ജോസ്, പ്രസാദ് പെരുമ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

 മറ്റു തീരുമാനങ്ങൾ

 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വാഹനം വാങ്ങാൻ 6 ലക്ഷം രൂപാ അനുവദിച്ചു

 മാർക്കറ്റ് കോംപ്ലക്‌സിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നത് അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നന്നാക്കും