കോട്ടയം: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേയ്‌ക്ക് ആഡംബരക്കാറുകൾ കടത്തിയ കേസിൽ പിടിയിലായ അൽ ഉമ്മ നേതാവ് തൊപ്പി റഫീഖിനെ തീവ്രവാദ വിരുദ്ധ സേന ചോദ്യം ചെയ്‌തു. അതേസമയം ഇയാളുടെ കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് വെസ്റ്റ് പൊലീസിനെ സമീപിച്ചു. വിശദാംശങ്ങൾ ഇന്നു മെയിൽ ചെയ്യുമെന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറിയിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നൂറിലേറെ കാറുകൾ മോഷ്‌ടിച്ചെടുത്ത് തമിഴ്നാട്ടിലേയ്‌ക്കു കടത്തിയ കേസിലാണ് കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതിയും, അൽ ഉമ്മ സംഘത്തലവനുമായ തൊപ്പി റഫീഖിനെ ജില്ലാ പൊലീസ് പിടികൂടിയത്. വാടാനപ്പള്ളി സ്വദേശി ഇല്യാസ് , ആലുവ സ്വദേശി കെ.എ നിഷാദ് എന്നിവർ കാറുകൾ വാടകയ്‌ക്ക് എടുത്ത ശേഷം റഫീഖിനു കൈമാറുകയായിരുന്നു.

വെസ്റ്റ് പൊലീസിന്റെ അപേക്ഷ പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി റഫീഖിനെ രണ്ടു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടു കൊടുത്തിരിക്കയാണ്. തീവ്രവാദക്കേസുകളിൽ അടക്കം പ്രതിയായതിനാൽ റഫീഖിനെ തമിഴ്‌നാട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് അപകടകരമാണെന്ന് പൊലീസ് കരുതുന്നു. ഇതിനിടെയാണ് തമിഴ്‌നാട്ടിൽ നിന്ന് ക്യൂ ബ്രാഞ്ച് റിപ്പോ‌ർട്ട് തേടിയത്.