മുത്തോലി: 'അല്ല, സാറന്മാരെ, നിങ്ങള് പറയുന്നു , കുരുന്നു കുട്ടികളെ ചൂടത്ത് ഇരുത്തരുതെന്ന്, ഇവിടെ ഫാനും ബൾബുമൊക്കെ മാസങ്ങളായി കാഴ്ച വസ്തുവാ..... പിന്നെങ്ങനെ ഞങ്ങൾ മക്കളെ അങ്കണവാടിയിൽ വിടും.... ' മുത്തോലി പഞ്ചായത്തിലെ കാണിയക്കാട് നെല്ലിയാനി അങ്കണവാടിയിലേയും, പടിഞ്ഞാറ്റിൻകര തിരുവേലിക്കൽ അങ്കണവാടിയിലേയും രക്ഷാകർത്താക്കളുടെ ഈ ചോദ്യം അധികാരികൾ ഇപ്പോഴാവും കേൾക്കുക.! പകൽ നേരത്തെ ചൂടുയരുമ്പോൾ അങ്കണവാടികളിലെ കുട്ടികളെ പ്രത്യേകം ശ്രദ്ധയോടെ പരിചരിക്കണമെന്ന അധികാരികളുടെ നിർദ്ദേശം വെറും തമാശയായി തോന്നുകയാണ് നെല്ലിയാനിയിലേയും തിരുവേലിക്കലേയും രക്ഷാകർത്താക്കൾക്ക്. കൊടും ചൂടിൽ വൈദ്യുതി പോലുമില്ലാത്ത ഈ അങ്കണവാടികളിലേക്ക് മക്കളെ അയക്കാൻ മാതാപിതാക്കൾ ഇപ്പോൾ തയ്യാറാവുന്നില്ല. അന്തരീക്ഷത്തിലെ താപനില ഏറ്റവും നില്ക്കുന്ന ഈ സമയത്ത് കാറ്റോ വെളിച്ചമോ ഇല്ലാതെ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ ഊരൊറപ്പിച്ച് എങ്ങനെ കുട്ടികളെ വിടുമെന്നുള്ള അവരുടെ ചോദ്യം ന്യായമാണ്. നെല്ലിയാനി അങ്കണവാടിയിൽ 9 കുട്ടികളാണുള്ളത്. ചൂടേറിയതോടെ ഇവരുടെ എണ്ണം 2 ആയി ചുരുങ്ങി. തിരുവേലിക്കൽ അങ്കണവാടിയിൽ 15 പേരുണ്ടെങ്കിലും ഇന്നലെ മൂന്നോ നാലോ പേരെ എത്തിയുള്ളൂ.

രണ്ട് അങ്കണവാടിക്കും പടിഞ്ഞാറ്റിൻകര നാഷണൽ ലൈബ്രറിക്കുമായി 2017ൽ 1,43000 രൂപാ വയറിംഗിനും കറന്റ് കണക്ഷനുമായി പി.ഡബ്ലൂ. ഡി. ഇലക്ട്രിക്കൽ വിഭാഗത്തിൽ അടച്ചതാണെന്ന് മുത്തോലി പഞ്ചായത്ത് അധികൃതർ പറയുന്നു. അഞ്ചുമാസം മുമ്പ് വയറിംഗ് തീർന്നെങ്കിലും പി.ഡബ്ലൂ.ഡി. ഇലക്ട്രിക്കൽ വിംഗിലെ കരാറുകാരൻ പൂർത്തികരണ സർട്ടിഫിക്കറ്റ് യഥാസമയം നൽകിയില്ലത്രേ. എന്തായാലും വയറിംഗ് നടത്തി കാലങ്ങളായിട്ടും ഇവിടെ ഇന്നേ വരെ വൈദ്യുതി കണക്ഷൻ എത്തിയിട്ടില്ല എന്നതാണ് സത്യം. ഫാൻ, ട്യൂബ് തുടങ്ങി എല്ലാ സംവിധാനങ്ങളും വയറിംഗിന്റെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുമുണ്ട്. പകൽ നേരങ്ങളിൽ ചൂട്
ഉയരുമ്പോൾ അങ്കണവാടികളിലും മറ്റും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിലാണീ അങ്കണവാടികളുടെ ദുരവസ്ഥ എന്നത് അധികാരികൾ കാണാതെ പോകരുത്.

 കറന്റ് കണക്ഷൻ എടുക്കേണ്ടത് പഞ്ചായത്ത്‌

അങ്കണവാടികളിലെ ഇലക്ട്രിക്കൽ വർക്ക് ചെയ്തത് പി. ഡബ്ലൂ. ഡി. കരാറുകാരനാണെങ്കിലും ഇതിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ് വാങ്ങി കറന്റ് കണക്ഷൻ എടുക്കേണ്ട ചുമതല മുത്തോലി പഞ്ചായത്തിനാണെന്ന് പി. ഡബ്ലൂ. ഡി. പാലാ ഇലക്ട്രിക്കൽ ഡിവിഷൻ അസി. എഞ്ചിനീയർ സോമിനി ജോർജ് പറഞ്ഞു. ഏതോ കാരണത്താൽ കരാറുകാരൻ പൂർത്തീകരണ സർട്ടിഫിക്കറ്റ് കൊടുക്കാൻ വൈകിയിരുന്നു. തുടർന്ന് താൻ കർശന നിർദ്ദേശം നൽകിയതിനെ തുടർന്ന് കരാറുകാരൻ സർട്ടിഫിക്കറ്റ് കൊടുത്തതായും അസി. എൻജിനീയർ വിശദീകരിച്ചു.

 സർട്ടിഫിക്കറ്റ് കിട്ടി; കെ.എസ്.ഇ .ബി. യിൽ ഇന്ന് അപേക്ഷ നൽകും.

കരാറുകാരന്റെ വർക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടെന്നും ഇതു ചേർത്ത് കറന്റ് കണക്ഷനുള്ള അപേക്ഷ ഇന്നു തന്നെ കെ.എസ്.ഇ.ബി.യ്ക്ക് നൽകുമെന്നും മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജിസ്‌മോൾ തോമസും വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റവും പറഞ്ഞു. നെല്ലിയാനി അങ്കണവാടിക്കായി പാലാ കെ. എസ്. ഇ ബി. യിലും തിരുവേലിക്കൽ അങ്കണവാടിക്കും നാഷണൽ ലൈബ്രറിക്കുമായി മരങ്ങാട്ടുപിള്ളി കെ. എസ്. ഇ. ബി. യി ലുമാണ് അപേക്ഷ നൽകുന്നത്.