കോട്ടയം: ആലപ്പുഴയിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായതിനെ തുടർന്ന് രണ്ടു വർഷത്തോളമായി വാകത്താനത്ത് ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പാസ്‌പോർട്ട് എടുക്കാനെത്തി അകത്തായി. വാകത്താനം ഇരവുചിറ വെള്ളത്തടത്തിൽ വീട്ടിൽ താമസിക്കുന്ന ആലപ്പുഴ തൈക്കാട്ടുശേരി ചുടുകാട്ടുപുരം അഞ്ജു നിവാസിൽ അമൽദേവിനെയാണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. ആലപ്പുഴയിലെ രണ്ടു പൊലീസ് സ്റ്റേഷനുകളിൽ ക്വട്ടേഷനും മോഷണവും കഞ്ചാവ് കച്ചവടവും അടക്കം നിരവധി കേസുകളിൽ പ്രതിയാണിയാൾ.
മൂന്നു വർഷത്തോളമായി വാകത്താനത്താണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ തട്ടുകട നടത്തിയിരുന്ന ഇയാൾക്കെതിരെ ലഹരി മാഫിയ ബന്ധം ആരോപിച്ച് നാട്ടുകാർ പരാതി നൽകിയിരുന്നു.
ഇതിനിടെയാണ് ഇയാൾ വാകത്താനത്തെ വിലാസത്തിൽ പാസ്‌പോർട്ട് എടുക്കാൻ അപേക്ഷ നൽകിയത്. പെരുമാറ്റത്തിൽ അടക്കം സംശയം തോന്നിയ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അതുൽ, അമൽദേവിനോടു സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു.
സ്‌റ്റേഷനിൽ എത്തിയ അമൽദേവ് ആലപ്പുഴയിലെ വിലാസം പറയാൻ തയ്യാറായില്ല. തുടർന്ന്, പൊലീസ് അച്ഛന്റെ പേരും വിവരവും അടക്കമുള്ളവ ശേഖരിച്ച ശേഷം ആലപ്പുഴ ജില്ലാ പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ഇതോടെയാണ് ഇയാൾ ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെ ആലപ്പുഴ പൊലീസിനു കൈമാറി.