love

കാളിയാർ( ഇടുക്കി): നാലും ഒമ്പതും വയസുള്ള കുട്ടികളെ ഉറക്കികിടത്തി ഒരാഴ്ച പരിചയമുള്ള അസം സ്വദേശിക്കൊപ്പം പോയ യുവതിയെ ആസാമിലെത്തി പൊലീസ് പിടികൂടി. പ്രവാസിയുടെ ഭാര്യയായ തൊമ്മൻകുത്ത് സ്വദേശി ഗീതുവാണ് (32) പുതിയ വീടിന്റെ വയറിംഗ് ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം പോയത്. 2019 സെപ്തംബർ മൂന്നിനാണ് യുവതി അസം സ്വദേശി മൃദുൽ ഗോഗായിക്കൊപ്പം (മൈന 31) നാടുവിട്ടത്.മൃദുലിന് നാട്ടിൽ ഭാര്യയും ഒരുകുട്ടിയുമുണ്ട്. ട്രെയിൻമാർഗം ഇവർ അസമിലെ ദിവൂർഗർ ജില്ലയിൽ എത്തിയതായി സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഒക്ടോബറിൽ കാളിയാർ പൊലീസ് ആസാമിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനാകാതെ തിരികെ പോന്നു.

യുവതി മാതാവിനെ സ്ഥിരമായി വിളിക്കുന്ന നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും താമസിക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തി. തുടർന്ന് 22ന് കാളിയാർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വിജേഷ്, സി.പി.ഒ അജിത്ത്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ഷൈലജ, ശുഭ എന്നിവരുടെ നേതൃത്വത്തിൽ അസമിലെത്തി ഇരുവരും താമസിക്കുന്ന വീട് കണ്ടെത്തി. കുന്നിൻപ്രദേശമായ ഇവിടെ ഗീതുവിന്റെ സ്വർണമെല്ലാം വിറ്റ പണം കൊണ്ട് ഓംനി വാൻ വാങ്ങി ടാക്സി ഓടുകയായിരുന്നു മൃദുൽ. ഇവിടെ നിന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് സമീപത്തെ മൊറാൻ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ ഇരുവരെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഈ പൊലീസ് സ്റ്റേഷൻ നാട്ടുകാർ വളഞ്ഞു. വിവരമറിഞ്ഞ് ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ. മധുവി ദിബുഗർ എസ്.പി ശ്രീജിത്തിന്റെ സഹായം തേടി.

തുടർന്ന് തോക്കുധാരികളായ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സഹായത്താൽ 480 കിലോമീറ്റർ അകലെ ഗുവാഹത്തി വിമാനത്താവളത്തിൽ ഇവരെ എത്തിച്ചു. ഇവിടെ നിന്ന് ഇന്നലെ പുലർച്ചെയോടെ സംഘം കേരളത്തിലെത്തി. ജെ.ജെ. ആക്ട് പ്രകാരം തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാർച്ച് ഒമ്പത് വരെ റിമാൻഡ് ചെയ്തു. പരിചയപ്പെട്ട് മൂന്നാം ദിവസം ഇതേ യുവാവിനൊപ്പം കുട്ടികളെ ഉപേക്ഷിച്ച് പോയ ഗീതുവിനെ തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.