കോട്ടയം: പെൺകുട്ടികളെ ശല്യം ചെയ്‌ത യുവാക്കൾക്കു നേരെ കഞ്ചാവ് മാഫിയ സംഘം കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ആക്രമിക്കുകയും ചെയ്‌തതായി പരാതി. നാട്ടകം മറിയപ്പള്ളി കൊളയ്ക്കാട്ട് വീട്ടിൽ കെ.എസ് അർജുൻ (24), ബന്ധു നാട്ടകം മറിയപ്പള്ളി വടക്കേടത്ത് വീട്ടിൽ രാഹുൽ (30) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജുനെ അടിയന്തര ശസ്‌ത്രക്രിയക്കു വിധേയനാക്കി.

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ എം.സി റോഡിൽ നാട്ടകം കോളേജ് ജംഗ്ഷനിലായിരുന്നു അക്രമ സംഭവങ്ങൾ. നാട്ടകം കോളേജ് ബസ് സ്‌റ്റോപ്പിനു സമീപം ടൂട്ടോറിയൽ കോളേജും, കരിയർ ഗൈഡൻസ് കോഴ്‌സും നടത്തുകയാണ് ഇരുവരും. ഇവിടെ എത്തുന്ന പെൺകുട്ടികളെ പ്രദേശത്തെ സാമൂഹ്യ വിരുദ്ധരും കഞ്ചാവ് മാഫിയ സംഘവും ശല്യം ചെയ്‌തിരുന്നു. ഇതിനെ ഇരുവരും ചോദ്യം ചെയ്യുകയും അക്രമി സംഘത്തെ താക്കീത് ചെയ്യുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് ഇരുവർക്കും കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നു .

ഞായറാഴ്‌ച ഓഫിസ് വൃത്തിയാക്കിയ ശേഷം ഇരുവരും, രാത്രി വൈകി ഓഫിസിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ പതിയിരുന്ന കഞ്ചാവ് മാഫിയ സംഘം ഇരുവർക്കും നേരെ കുരുമുളക് ‌സ്‌പ്രേ പ്രയോഗിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ച് ഇരുവരുടെയും തലയിൽ അടിച്ചു വീഴ്‌ത്തി.

റോഡിൽ വീണു പോയ ഇരുവരെയും, കമ്പിവടിയും വടിവാളും കത്തിയും സോഡാക്കുപ്പിയും അടക്കമുള്ളവ ഉപയോഗിച്ച് ആക്രമിച്ചു. അടിയേറ്റു വീണ് മൃതപ്രായരായ ഇരുവരെയും റോഡിൽ ഉപേക്ഷിച്ച ശേഷം അക്രമി സംഘം രക്ഷപെട്ടു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ചിങ്ങവനം പൊലീസാണ് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപതോളം തുന്നിക്കെട്ടും വേണ്ടി വന്നിട്ടുണ്ട്. അർജുനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തു.