കോട്ടയം: ഗുണ്ട വിനീത് സഞ്ജയൻ കോടതിയിൽ കീഴടങ്ങി. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അടക്കം ആക്രമിക്കുകയും വീട് തകർക്കുകയും ചെയ്‌ത കേസിലാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് മൂന്നാം കോടതിയിലെത്തി വിനീത് കീഴടങ്ങിയത്. കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത രണ്ടു കേസിലും, കുമരകം പൊലീസിന്റെ ഒരു കേസിലും പ്രതിയാണ് അയ്‌മനം മാങ്കീഴിപ്പടിയിൽ വീട്ടിൽ വിനീത് സഞ്ജയൻ (32). പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. ഈ കേസുകളിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.

ക്രിസ്‌മസ് ദിനത്തിൽ അയ്‌മനത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയും ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ വീട് തകർക്കുകയും ചെയ്‌തിരുന്നു. ഈ കേസുകളിൽ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് നാഗമ്പടത്തെ ഹോട്ടലിൽ എത്തിയ പ്രതിയും സംഘവും യുവാവിനെ ആക്രമിച്ച് സ്വർണമാല കവർന്നത്. ഈ കേസുകളിലാണ് ഇപ്പോൾ വിനീത് കീഴടങ്ങിയത്.