കോട്ടയം: വയോധികനെ കൊന്ന് ചാക്കിൽ കെട്ടി വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. എരുമേലി തെക്ക് ശാന്തിപുരം തുവരൻപാറ ആലയിൽ വീട്ടിൽ മിഥുൻ (29), മറയൂർ ബാബുനഗർ അൻപഴകൻ (65) എന്നിവരെയാണ് മറയൂർ സി.ഐ ജഗദീഷ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മറയൂർ ബാബുനഗറിലെ അമ്പാടി ഭവനിൽ മാരിയപ്പന്റെ (70) മൃതദേഹം ഇന്നലെ രാവിലെയാണ് കെ.എസ്.ഇ.ബി ഓഫീസിനു സമീപം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. മറയൂർ പഞ്ചായത്തംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഉഷാ തമ്പിദുരയുടെ പിതാവാണ് കൊല്ലപ്പെട്ട മാരിയപ്പൻ.
കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തി ഇന്നലെ തന്നെ പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകം നടത്തിയ സമയത്ത് ഇരുവരും ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെത്തി.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടത്തി ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാരിയപ്പൻ ഇന്നലെ വൈകിട്ട് സുഹൃത്തായ അൻപഴകന്റെ വീട്ടിലെത്തി മദ്യപിച്ചു. തുടർന്ന് അടുത്ത വീട്ടിലെ മിഥുനും ഇവരോടൊപ്പം ചേർന്നു. നന്നായി മദ്യപിച്ച മൂവരും അൻപഴകന്റെ വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കവെ വീണ്ടും മദ്യം വാങ്ങുന്ന കാര്യത്തിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരും ചേർന്ന് വീട്ടിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് മാരിയപ്പനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. 24 കുത്തുകൾ ശരീരത്തിൽ ഏറ്റിരുന്നു. പിന്നീട് കാലും കൈയ്യും കെട്ടി മൃതദേഹം പ്ളാസ്റ്റിക് ചാക്കിലാക്കി 150 മീറ്റർ അകലെ ചുമന്നുകൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
ജില്ലാ പൊലിസ് മേധാവി പി.കെ.മധു സ്ഥലത്തെത്തി അന്വേഷണങ്ങൾക്ക് നേതൃത്വം നല്കി. തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസ്, മൂന്നാർ സി.ഐ റജി എം കുന്നിപ്പറമ്പൻ, മറയൂർ സി.ഐ വി.ആർ ജഗദീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പത്മാവതിയമ്മയാണ് മാരിയപ്പന്റെ ഭാര്യ. സംസ്കാരം ഇന്ന് അഞ്ചിന് മറയൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.