കോട്ടയം: തേയിലത്തോട്ടത്തിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാനഭംഗ ശ്രമത്തിനിടെ വീട്ടമ്മയെ നകാറ്റാടിക്കമ്പുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ പക്ഷിപിടുത്തക്കാരനായ ഡൈമുക്ക് ബംഗ്ലാവ്മെട്ട രതീഷിനെ (28) ഇന്ന് രാവിലെ വണ്ടിപ്പെരിയാർ സി.ഐ സുനിൽകുമാർ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള വീട്ടമ്മയുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

തോട്ടം തൊഴിലാളിയായ വീട്ടമ്മ തേയിലത്തോട്ടത്തിൽ മേയാൻ അഴിച്ചുവിട്ട പശുക്കളെ തിരികെ കൊണ്ടുവരാൻ പോയപ്പോഴാണ് അതിക്രമം നടന്നത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. രതീഷും മറ്റ് മൂന്ന് പേരും പ്രദേശത്ത് പക്ഷിപിടിക്കാൻ എത്തിയതായിരുന്നു. വീട്ടമ്മ പശുക്കളെ തേടി അകലെനിന്ന് വരുന്നതുകണ്ട് രതീഷ് കൂട്ടുകാരെ തന്ത്രത്തിൽ പറഞ്ഞുവിട്ടു. വീട്ടമ്മ അടുത്തെത്തിയപ്പോൾ രതീഷ് കയറിപ്പിടിക്കുകയായിരുന്നു. കുതറിയോടാൻ ശ്രമിച്ച വീട്ടമ്മയെ കാറ്റാടിക്കമ്പുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. തലയിൽ ആഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്. മാനഭംഗപ്പെടുത്തിയശേഷം മരിച്ചുവെന്ന് രതീഷ് ഉറപ്പാക്കി. തുടർന്ന് അവിടെ നിന്ന് വിലിച്ചിഴച്ച് 500 മീറ്ററോളം കൊണ്ടുപോയി തേയിലക്കാട്ടിൽ ഉപേക്ഷിച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്തപോലെ തിരികെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

തേയില തോട്ടത്തിലൂടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ ഓടിപ്പോവുന്നത് കണ്ടതിനെത്തുടർന്നാണ് നാട്ടുകാർ തോട്ടത്തിൽ പരിശോധന നടത്തിയത്. വീട്ടമ്മയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലായിരുന്നു. മൃതദേഹം കമഴ്ന്നാണ് കിടന്നത്. തലയിലൂടെ രക്തം അപ്പോഴും ഒലിക്കുന്നുണ്ടായിരുന്നു.

രാത്രിയിൽതന്നെ സംഭവ സ്ഥലത്തുനിന്ന് ഒരു മൊബൈൽ ഫോൺ കിട്ടിയത് കേസിന് തുമ്പായി. ഇത് വച്ചുള്ള അന്വേഷണത്തിലാണ് രതീഷിനെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ മധു സംഭവസ്ഥലത്തെത്തി. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹൻ, വണ്ടിപ്പെരിയാർ സി.ഐ ടി.ഡി. സുനിൽകുമാർ, എസ്.ഐ രഘു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവരും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.