ചങ്ങനാശേരി: മന്നത്ത് പദ്മനാഭന്റെ 50-ാം ചരമ വാർഷിക ദിനം പെരുന്നയിൽ ആയിരക്കണക്കിന് സമുദായാംഗങ്ങൾ പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം സമാധിയിൽ നടന്ന ഉപവാസ പ്രാർത്ഥനയിലും പുഷ്പാർച്ചനയിലും പങ്കെടുക്കാൻ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖരടക്കമെത്തി. ചടങ്ങുകൾക്ക് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നേതൃത്വം നൽകി.
കുട്ടനാട് എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പിടിയരിയും പിടിപ്പണവുമായി തീർത്ഥയാത്രയായാണ് സമുദായാംഗങ്ങൾ മന്നം സമാധിയിലെത്തിയത്. പുഴവാത്, തൃക്കൊടിത്താനം, വാഴപ്പള്ളി, പെരുന്ന എന്നിവിടങ്ങളിലെ കരയോഗങ്ങളിൽ നിന്ന് പദയാത്രയായി മന്നം സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. രാവിലെ ആറിന് ആരംഭിച്ച ഉപവാസവും പ്രാർത്ഥനായജ്ഞവും 11.45ന് സമാപിച്ചു. തുടർന്ന് എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എൻ.നരേന്ദ്രനാഥൻനായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രജിസ്ട്രാർ പി.എൻ.സുരേഷ്, ട്രഷറർ ഡോ.എം.ശശികുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.എഫ്.തോമസ്, ഡോ.എൻ.ജയരാജ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ പ്രയാർ ഗോപാലകൃഷ്ണൻ, ജി.രാമൻനായർ, ഐ.എൻ.ടി.യു.സി നേതാവ് ആർ.ചന്ദ്രശേഖരൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി.രാധാകൃഷ്ണമേനോൻ, ജില്ലാപ്രസിഡന്റ് എൻ.ഹരി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.