കോട്ടയം: കടുത്ത ചൂട് വിപണിയെയും ബാധിച്ചു തുടങ്ങി. ഞായറാഴ്ച റെക്കോഡ് ചൂട് രേഖപ്പെടുത്തിയപ്പോൾ ഇന്നലെ അൽപ്പം കുറഞ്ഞുവെന്നു മാത്രം. പക്ഷേ, പുകച്ചിലിന് കുറവില്ല. ഒരാഴ്ചയ്ക്കു ശേഷം മഴയ്ക്കു സാദ്ധ്യതയുണ്ടെങ്കിലും അതുവരെ ചൂട് ഉയർന്നു നിൽക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ച പുതുപ്പള്ളി റബർ ബോർഡിൽ രേഖപ്പെടുത്തിയ ചൂട് 38.5 ഡിഗ്രിയാണ് . തിങ്കളാഴ്ച 36.4 ഡിഗ്രിയും ഇന്നലെ 36.5 ഡിഗ്രിയുമായിരുന്നു.
ഫെബ്രുവരിയിൽ തുടർച്ചയായ ദിവസങ്ങളിൽ പകൽ താപനില 36.5 ഡിഗ്രിയ്ക്കു മുകളിൽ നിൽക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മുമ്പെങ്ങും ഫെബ്രുവരിയിൽ ചൂട് ഇത്രയും ഉയർന്നിട്ടില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പകൽ താപനില ശരാശരിയേക്കാൾ രണ്ടു ഡിഗ്രിയിൽ കൂടുതലാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും ആശങ്ക വർദ്ധിപ്പിക്കുന്നു.
കോഴിവില ഇനിയും കുറയും
ചൂട് കാലത്ത് കോഴിയോട് നോ പറഞ്ഞു തുടങ്ങിയതോടെ വിലയും കുറഞ്ഞു. ഇന്നലെ കിലോയ്ക്ക് 75 രൂപയായി. നോമ്പുകൂടി വന്നതോടെ ഇനിയും കുറയുമെന്ന സൂചനയാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് അഞ്ചു രൂപയാണ് ഇടിഞ്ഞത്. ആറു മാസം മുമ്പ് 140 രൂപ വരെയെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് 90 -100 രൂപയായിരുന്നു . അതേസമയം ചൂട് കൂടിയതോടെ ജ്യൂസിനും സംഭാരത്തിനും ഡിമാൻഡ് കൂടി. പഴച്ചാറുകൾക്ക് അറുപത് രൂപ വരെ വാങ്ങുന്നു. സോഡ നാരങ്ങയുടെ വില 20ലെത്തി.
കോഴിവില കുറച്ചത്
ചൂടത്ത് കോഴികൾ ചാകുന്നത് ഒഴിവാക്കാൻ ഫാമുകളിൽ നിന്ന് വിറ്റൊഴിക്കുന്നു
കടുത്ത ചൂടിനെ തുടർന്ന് ഇറച്ചി ഉത്പന്നങ്ങൾ കുറയ്ക്കണമെന്ന നിർദേശം
സേലം, പൊള്ളാച്ചി, ഉദുമൽപേട്ട, നാമക്കൽ മേഖലകളിൽ നിന്ന് കൂടുതലായി എത്തുന്നു
'' ചൂടത്ത് ഫാമുകൾ നടത്തികൊണ്ടു പോകുന്നത് പ്രയാസകരമാണ്. കോഴികൾ കൂട്ടത്തോടെ ചാകുന്നുണ്ട്. മാർക്കറ്റ് വിലയേക്കാൾ 10 -15 രൂപ കുറവിലാണ് മൊത്തക്കച്ചവടക്കാർക്ക് വിൽക്കുന്നത്''
തോമസ് ആന്റണി,
കോഴി കർഷകൻ
ചൂട്: 36.5 ഡിഗ്രി