കോട്ടയം: കടുത്തുരുത്തി, കുറവിലങ്ങാട്, വെള്ളൂർ പ്രദേശങ്ങളിൽ നിന്ന് മണൽ കടത്താനായി കൊണ്ടുവന്ന എട്ടു ടോറസ് ലോറികളും മൂന്നു ടിപ്പറുകളും ജെ.സി.ബിയും ഹിറ്റാച്ചിയും കടുത്തുരുത്തി പൊലീസ് പിടിച്ചെടുത്തു.

രാത്രികാലത്ത് ഇവിടങ്ങളിൽ നിന്ന് വൻതോതിൽ ആലപ്പുഴ ജില്ലയിലേയ്‌ക്കു മണൽ കടത്തുന്നതായി നാട്ടുകാർ നിരന്തരം പരാതിപ്പെട്ടതിനെത്തുടർന്നാണ് നടപടി. വ്യാജ പാസുപയോഗിച്ചും പാസില്ലാതെയും പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എന്ന വ്യാജബോർഡു വച്ചുമായിരുന്നു മണൽ കടത്തിയിരുന്നത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നി‌ർദേശാനുസരണം കടുത്തുരുത്തി കല്ലറ - ഇടയാഴം റോഡിലും ഞീഴൂരിലുമായിരുന്നു രാത്രി പരിശോധന. വൈക്കം ഡിവൈ.എസ്.പി സനിൽകുമാർ, കടുത്തുരുത്തി സി.ഐ ശിവൻകുട്ടി, എസ്.ഐ ടി.എസ് റെനീഷ്, അഡീഷണൽ എസ്.ഐ പി.കെ സമദ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജു, ജോമി, അരുൺ കുമാർ, റഷീദ് എന്നിവർ പങ്കെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ ജില്ലാ കളക്‌ടർക്കു കൈമാറി.

ദിവസവും കടത്തുന്നത് 300 ലോഡ്

കടുത്തുരുത്തി, വെള്ളൂർ, കുറവിലങ്ങാട് മേഖലയിലെ ആറ്റുതീരങ്ങളിൽ നിന്നും കരഭൂമിയിൽ നിന്നുമായി 300 ലോഡ് മണലാണ് ഒരോ രാത്രിയിലും ആലപ്പുഴയിലേയ്‌ക്കു കടത്തുന്നത്. ഇവിടങ്ങളിലെ പത്തിലേറെ കടവുകളിൽ മണൽ വാരൽ സജീവമാണ്. മണൽ മാഫിയയുടെ വാഹനങ്ങൾ ഈ റോഡിലൂടെ അമിത വേഗത്തിലാണ് പായുന്നത് അപകടത്തിനും റോഡിന്റെ തകർച്ചയ്ക്കും ഇടയാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ജിയോളജി, റവന്യു വകുപ്പുകളിൽ നിന്നും വർഷങ്ങൾക്കു മുൻപ് എടുത്ത പാസിന്റെ മറവിലായിരുന്നു മണൽ കടത്ത്.