കോട്ടയം: വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മാലിന്യം നിർമ്മാർജനം എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകി ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ഇന്ന് രാവിലെ 10.30ന് നടക്കുന്ന വികസന സെമിനാറിൽ പദ്ധതികൾ രൂപപ്പെടുത്തും. കാൻസറിനെ പടികടത്താനുള്ള പുതിയ പദ്ധതി, മാലിന്യ രഹിത ജില്ല തുടങ്ങിയവയാണ് അടുത്ത സാമ്പത്തിക വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന നിർദേശങ്ങൾ.

സമ്പൂർണ സാക്ഷര ജില്ല പോലെ സമ്പൂർണ മാലിന്യ രഹിത ജില്ലയാക്കാനുള്ള പരിശ്രമം കൂടിയാണ് ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. ജില്ലയിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുക. അജൈവ മാലിന്യങ്ങൾ പൂർണമായി ഹരിത കർമ്മസേന മുഖേന സംഭരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കുക. ജില്ലയ്ക്ക് ശുചിത്വ സമുച്ചയം, അറവുമാലിന്യങ്ങൾക്ക് പ്രത്യേക സംസ്‌ക്കരണ സംവിധാനം, ജില്ല മുതൽ വാർഡ് വരെ ജനകീയ സമിതികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് ഏകദേശം 50കോടി രൂപ വകയിരുത്തി ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

 വിദ്യാഭ്യാസ മേഖല
ഏബിൾ കോട്ടയത്തിന്റെ രണ്ടാം ഘട്ടമായ ഏബിൾ 2 വിജയോത്സവത്തിലൂടെ അധിക പഠനം, ഇംഗ്ലീഷ്, കണക്ക് തുടങ്ങിയ വിഷയങ്ങൾക്ക് പ്രത്യേക കോച്ചിംഗ്, കരിയർ ഗൈഡൻസ്, കുട്ടികൾക്ക് കൗൺസലിംഗ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉന്നത വിദ്യാഭ്യാസത്തിന് മാർഗ നിർദ്ദേശം എന്നിവ നൽകും. സിവിൽ സർവീസ് പരീക്ഷയ്ക്ക് ഓറിയന്റേഷൻ ക്ലാസ്സുകൾ ഉൾപ്പെടെ ക്രമീകരിക്കും. ഒരുകോടി രൂപയാണ് വകയിരുത്തുന്നത്.

 കാർഷിക മേഖല

ഭക്ഷ്യോത്പാദന വർദ്ധനവ് ലക്ഷ്യം വച്ച് കർഷകർക്ക് വീണ്ടും നടീൽ വസ്തുക്കളുടെ വിതരണം , മുട്ടക്കോഴി വളർത്തൽ പദ്ധതി, ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കൽ, ക്ഷീരകർഷകമേഖലയ്ക്ക് പ്രോത്സാഹനത്തിനായി മിൽക്ക് ഇൻസെന്റീവ്, നെൽകൃഷി വ്യാപനവും, ഉത്പാദന വർദ്ധനവും മുൻനിറുത്തി തോടുകൾ ആഴം കൂട്ടലും ബണ്ട് ബലപ്പെടുത്തലും ഉൾപ്പെടുത്തി സുജലം പദ്ധതി തുടങ്ങിയവയും കാർഷികാഭിവൃദ്ധി ലക്ഷ്യമാക്കി നടപ്പാക്കും.


 ആരോഗ്യ മേഖല
കാൻസറിനെ നേരിടാൻ കാൻ കോട്ടയം ഫിറ്റ്‌ കോട്ടയം എന്ന പദ്ധതിയിലൂടെ ജില്ലയിലെ മുഴുവൻ ആളുകളെയും കാൻസർരോഗ നിർണയ പരിശോധനയ്ക്ക് വിധേയരാക്കും. രോഗ ലക്ഷണമുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ നൽകും. വിപുലമായ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. കോട്ടയം ജനറൽ ആശുപത്രിയിൽ സ്തനാർബുദ നിർണയത്തിനായി മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കും. ഭക്ഷണ ശീലത്തിൽ ആരോഗ്യപരമായ സമീപനം പുലർത്തുന്നതിനും അവബോധം നൽകുകയും, വ്യായാമ സംവിധാനങ്ങൾ ജില്ലയിലാകെ ഒരുക്കുകയും ചെയ്യും. ആകെ 4കോടി രൂപയുടെ സംയുക്ത പ്രോജക്ടായിട്ടാണ് കാൻ കോട്ടയം ഫിറ്റ്‌ കോട്ടയം ആവിഷ്‌ക്കരിക്കുന്നത്.