പാലാ : സുശീലന്റെ 'നല്ല ശീലങ്ങൾ ' മീനച്ചിൽ ഗ്രാമപഞ്ചായത്തിനെ സംസ്ഥാനത്തെ നമ്പർ വൺ പഞ്ചായത്താക്കുന്നു.
മീനച്ചിൽ പഞ്ചായത്തിലെ ജനസൗഹൃദ ഓഫീസ് സജ്ജീകരണം ഒന്നാന്തരമാക്കിയതിന്റെ ആദ്യ ക്രെഡിറ്റ് പഞ്ചായത്ത് സെക്രട്ടറി കൂടിയായ എം.സുശീലിനാണ്, പിന്നെ ഒപ്പം നിന്ന മുഴുവൻ മെമ്പർമാർക്കും. ജനസൗഹൃദസദ്ഭരണ പഞ്ചായത്തുകളിൽ ഒന്നാമതായ മീനച്ചിൽ പഞ്ചായത്തോഫീസിന്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും, സെക്രട്ടറിയെ അഭിനന്ദിക്കാനും സംസ്ഥാന ഭരണപരിഷ്‌കരണ കമ്മിഷൻ അംഗം ഷീലാ തോമസും സംഘവും ഇന്നലെ ഇടമറ്റത്തെ പഞ്ചായത്തോഫീസിലെത്തി.
സർക്കാരിന്റെ ഉത്തരവൊന്നുമില്ലെങ്കിലും ജീവനക്കാരും ജനപ്രതിനിധികളും മനസുവച്ചാൽ കേരളം മുഴുവൻ 'മീനച്ചിൽ പഞ്ചായത്ത് മാതൃക നടപ്പിലാക്കാമെന്ന് ഷീലാ തോമസ് അഭിപ്രായപ്പെട്ടു. ജില്ലയിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ജൂനിയർ സൂപ്രണ്ടായിരുന്ന ഏഴാച്ചേരി സ്വദേശി എം.സുശീലിനായിരുന്നു ജില്ലയിലെ ജനസൗഹൃദ സദ്ഭരണ പഞ്ചായത്ത് പദ്ധതിയുടെ ചുമതല. ആറുമാസം മുമ്പാണ് മീനച്ചിൽ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റത്. പഞ്ചായത്ത് ഓഫീസിലേക്ക് സന്ദർശകർ പ്രവേശിക്കുന്ന റിസപ്ഷൻ മുതൽ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും കാബിനുകളുടെ ക്രമീകരണം, ജനസൗഹൃദ ഓഫീസ് ക്രമീകരണങ്ങൾ എന്നിവ നേരിട്ട് കണ്ടു മനസിലാക്കിയ ഷീലാ തോമസും കമ്മിഷനിലെ അണ്ടർ സെക്രട്ടറിയും ഉൾപ്പെടുന്ന സംഘം പൂർണ സംതൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്.
മീനച്ചിൽ പഞ്ചായത്ത് ഇന്നിങ്ങനെ
പഞ്ചായത്ത് ഓഫീസ് വളപ്പ് പരിസ്ഥിതി സൗഹൃദം
വിശാലമായ റിസപ്ഷൻ ഹാൾ, മാന്യമായ പെരുമാറ്റം
സ്വീകരണഹാളും എ.സി, തുറന്ന റിസപ്ഷൻ കാബിൻ
ഇരിയ്ക്കാൻ മുന്തിയ തരം കസേരകൾ
തണുപ്പിച്ചതോ ചൂടാക്കിയതോ ആയ ശുദ്ധജലം
വിരസത മാറ്റാൻ ടി.വി, സംഗീതം, മികച്ച ടോയ്‌ലെറ്റ്
ജീവനക്കാരുടെ പേര് പ്രദർശിപ്പിച്ച ബോർഡ്
പൊതുജനത്തിന് പൂരിപ്പിച്ച് നൽകാൻ 11 ചോദ്യം
അപേക്ഷാ ഫോറങ്ങൾക്ക് പുറത്തേക്ക് പോകണ്ട
വച്ച് താമിസിപ്പിക്കില്ല, എല്ലാം കിറുകൃത്യം
സേവനങ്ങൾ ഏത് ദിവസം വന്നാൽ ലഭിക്കുമെന്ന് മുൻകൂട്ടി അറിയിക്കുയും അന്ന് സംതൃപ്തിയായി മടങ്ങുകയും ചെയ്യാം. സെക്രട്ടറി ഒപ്പിടേണ്ടാത്തതായ സർട്ടിഫിക്കറ്റുകൾ അദ്ദേഹം സ്ഥലത്ത് ഇല്ലെങ്കിൽ പോലും അസി.സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, അക്കൗണ്ടന്റ് മുഖാന്തിരം ഒപ്പിട്ട് കിട്ടും. മറ്റ് തദ്ദേശസ്ഥാപനങ്ങളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകളുടെ മുഴുവൻ വിവരങ്ങളും വിവിധ ഓഫീസുകളിലെ ഫോൺ നമ്പറും ഇവിടെ ലഭിക്കും.