പാലാ : പാലാ നഗരത്തിൽ സബ് ജയിലിനോടു ചേർന്നുള്ള ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ സെന്ററിൽ നിന്ന് 97000 രൂപയടങ്ങുന്ന ഇരുമ്പ് സേഫ് മോഷ്ടാക്കൾ മൂടോടെ പൊക്കി. സി.സി.ടി.വി കാമറകൾ തകർത്തു. മോഷ്ടാക്കൾ തൊട്ടടുത്തുള്ള സ്വകാര്യ ബാങ്കിലെ രാത്രി സെക്യൂരിറ്റി ജീവനക്കാരന്റെയും കണ്ണുവെട്ടിച്ചു. കസ്റ്റമർ കെയറിന്റെ പിൻവശത്തുള്ള ജനലിന്റെ ഇരുമ്പ് കമ്പികൾ അറുത്തുമാറ്റിയാണ്‌ മോഷ്ടാക്കൾ അകത്ത് കടന്നത്. സബ് എൻജിനിയറുടെ കാബിന് പൂട്ടില്ലായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാരാണ്‌ മോഷണം നടന്നത് ആദ്യംകണ്ടത്. മേലുദ്യോഗസ്ഥരെ അറിയിച്ചശേഷം പാലാ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും, കോട്ടയത്ത് നിന്ന് ഡോഗ് സ്‌ക്വാഡും, ഫിംഗർപ്രിന്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പാലാ സി.ഐ വി.എ. സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്നാനിയിൽ പ്രവർത്തിക്കുന്ന സ്വകാര്യവ്യക്തിയുടെ ഫിഷ് മാർക്കറ്റിലും വെള്ളിയാഴ്ച രാത്രി മോഷണം നടന്നു. കടയുടെ പിന്നിലെ കതകിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ്‌ മേശയുടെ ഇരുമ്പ് പൂട്ട് തകർത്ത് 4000ത്തോളം രൂപ മോഷ്ടിച്ചു. കാമറ തകർത്ത് കമ്പ്യൂട്ടറിന്റെ ഡിവിആറും വൈഫൈ മോഡവും കൊണ്ടുപോയി. ഉടമ പൊലീസിൽ പരാതി നൽകി.