പാലാ : മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ 50-ാം സമാധി ദിനം ആചരിച്ചു. രാവിലെ 8 മുതൽ സമുദായാചാര്യൻ ഇഹലോകവാസം വെടിഞ്ഞ 11.45 വരെ യൂണിയൻ ഹാളിൽ സമൂഹപ്രാർത്ഥനയും ഭക്തിഗാനാലാപനവും ഉപവാസവും പുഷ്പാർച്ചനയും നടന്നു. യൂണിയൻ കമ്മറ്റിയംഗങ്ങൾ, പ്രതിനിധി സഭാ മെമ്പർമാർ,വനിതായൂണിയൻ കമ്മിറ്റിയംഗങ്ങളും,വ്യക്തി മെമ്പർമാരും, കരയോഗ-വനിതാ സമാജ പ്രതിനിധികളും പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ ആരതി ഉഴിഞ്ഞ് ഉപവാസം അവസാനിപ്പിച്ചു. അദ്ദേഹം ചൊല്ലിക്കൊടുത്ത പ്രതിജ്ഞ അംഗങ്ങൾ ഏറ്റുചൊല്ലി. യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്.ഷാജികുമാർ, സെക്രട്ടറി ഉഴവൂർ വി.കെ. രഘുനാഥൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.