എലിക്കുളം : ആദ്യം കൈയേറ്റക്കാർ ഒഴിയും. പിന്നെ കർഷകരും ഗ്രാമപഞ്ചായത്തും കൃഷിഭവനും ഹരിതകേരളമിഷനും ഇറിഗേഷൻവകുപ്പും നാട്ടുകാരും ഒത്തുകൂടും. പൊന്നൊഴുകുംതോട് പുഴയായി മാറും. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ കാപ്പുകയം പാടശേഖരത്തു നിന്ന് ഉത്ഭവിക്കുന്ന പൊന്നൊഴുകും തോട് പഴയ പ്രൗഢിയിലേക്കുള്ള പാതയിലാകും. എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിലൂടെ ഒഴുകി മീനച്ചിലാറ്റിൽ പതിച്ചിരുന്ന തോട് കൈയേറ്റവും, മാലിന്യങ്ങൾ നിറഞ്ഞും പ്രഭാവം നഷ്ടപ്പെട്ട നിലയിലാണ്.
കാപ്പുകയം പാടശേഖര സമതി സെക്രട്ടറി കൂടിയായ ജസ്റ്റിൻ ജോർജ് മണ്ഡപവും എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാടുമാണ് തോടിന്റെ പുനസൃഷ്ടിക്ക് കൈകോർത്തത്. മീനച്ചിലാർ, മീന്തറയാർ, കൊടൂരാർ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായിട്ടാണ് തോട് പുനരുദ്ധരിക്കുന്നത്. ഇതിന്റെ ഭാഗമായി തോട്ടിലെ ചെളിയും പോളകളും വാരി ആഴം വർദ്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചിരുന്നു. ഇപ്പോൾ തോട് പുറമ്പോക്ക് കൈയേറിയവർ സ്വമനസാലെ അത് വിട്ടു നല്കാൻ തയ്യാറായി വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള സർവേ നടപടികളും പൂർത്തിയായി വരുന്നു. സർവേ നടപടികൾ നടന്നുവരുന്ന മല്ലികശ്ശേരി അമ്പലവയൽ ഭാഗം മാത്യൂസിന്റെ നേതൃത്വത്തിലുളള സംഘം സന്ദർശിച്ചു. സംഘത്തിൽ ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, മാത്യു കോക്കാട്, ജസ്റ്റിൻജോർജ് മണ്ഡപത്തിൽ, കുര്യാച്ചൻകോക്കാട്, തോമാച്ചൻ കണിയാംപറമ്പിൽ എന്നിവരും ഉണ്ടായിരുന്നു.
തോടിന്റെ ദൂരം : 5 കിലോമീറ്റർ
അനുവദിച്ചിരിക്കുന്നത് : 1.15 കോടി
ജലക്ഷാമത്തിനും പരിഹാരമാകും
അഞ്ച് ബണ്ടുകൾ നിർമ്മിക്കും. ഇതിന്റെ നിർമ്മാണം പൂർത്തികുമ്പോൾ പ്രദേശത്തെ ജലക്ഷാമത്തിനും പരിഹാരമാകും. കൂടാതെ തോടിന്റെ കരയിൽ 25 ഏക്കർ സ്ഥലത്ത് ചെയ്ത് വന്നിരുന്ന നെൽക്കൃഷി 50 ഏക്കറോളം വ്യാപിപ്പിക്കാനും സാധിക്കും.