കോട്ടയം: സമൂഹത്തിൽ മാറ്റം വരുത്താൻ സിനിമയ്ക്കു സാധിക്കുമെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ്. പഠനത്തിലും അറിവ് പകർന്നു നൽകുന്നതിനും സിനിമയ്ക്കു ഏറെ പങ്കുണ്ട്. ഈ പങ്ക് സമൂഹത്തെ മാറ്റി മറിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആത്മയുടെ ആറാമത് ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര മേള നാടിന് പ്രത്യേക അനുഭവമാണ് നൽകുന്നത്. ചലച്ചിത്ര സംസ്‌കാരം സൃഷ്ടിക്കാനും ആത്മ ഫിലിം ഫെസ്റ്റിവലിനു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ജോഷി മാത്യു അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി കെ.ആർ മീര മുഖ്യപ്രഭാഷണം നടത്തി. സി.പി.എം നേതാവ് കെ.അനിൽകുമാർ, സി.പി.ഐ നേതാവ് വി.ബി ബിനു,
ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.കെ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ചലച്ചിത്ര പ്രവർത്തകരുമായുള്ള ഇന്ററാക്ഷനിൽ വെയിൽ മരങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ഡോ.ബിജു, നായകൻ ഗോവർദ്ധൻ എന്നിവർ പങ്കെടുത്തു. ഇന്നലെ അഞ്ചു ചിത്രങ്ങൾ കൂടി പ്രദർശിപ്പിച്ചതോടെയാണ് ചലച്ചിത്ര മേളയ്ക്കു സമാപനമായത്.