വൈക്കം: താലൂക്ക് എൻ. എസ്. എസ്. യൂണിയന്റെ നേതൃത്വത്തിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 50 ാമത് ചരമവാർഷികം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. യൂണിയന്റെ നേതൃത്വത്തിൽ വടക്കേകവലയിൽ പ്രതിമാ കോമ്പൗണ്ടിൽ സജ്ജമാക്കിയ പന്തലിൽ സമുദായാചാര്യന്റെ ചിത്രം അലങ്കരിച്ച് ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. ഭക്തിഗാനാലാപനം, സമൂഹപ്രാർത്ഥന, ഉപവാസം എന്നീ ചടങ്ങുകളിൽ വിവിധ കരയോഗങ്ങളിലെ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. കരയോഗം ഭാരവാഹികൾ, വനിതാ സമാജം, ബാലസമാജം, സ്വയംസഹായ സംഘം എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് എസ്. മധു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ, അഡീഷണൽ സെക്രട്ടറി എസ്. മുരുകേശ്, എൻ. ജി. ബാലചന്ദ്രൻ, എം. ഗോപാലകൃഷ്ണൻ, കെ. എസ്. സാജുമോൻ, പി. എൻ. രാധാകൃഷ്ണൻ, പി. ജി. എം. നായർ, ശ്രീലേഖ മണിലാൽ, അയ്യേരി സോമൻ, എസ്. ജയപ്രകാശ്, മായ, ജയകുമാർ എന്നിവർ നേതൃത്വം നൽകി. താലൂക്കിലെ 97 കരയോഗങ്ങളിലും സമാധിദിനം ആചരിച്ചു. കരയോഗ മന്ദിരങ്ങളിൽ സമുദായാചാര്യന്റെ ഛായാചിത്രം അലങ്കരിച്ച് വച്ച് പുഷ്പാർച്ചന നടത്തി.