image

അടിമാലി: പ്രളയത്തിൽ ബലക്ഷയം സംഭവിച്ച വെള്ളത്തൂവൽ ടൗണിലെ പഞ്ചായത്ത് ശുചിമുറി പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തിൽ താൽക്കാലിക ശുചിമുറി നിർമ്മിച്ച് നാട്ടുകാർക്കായി തുറന്നു നൽകി.വെള്ളത്തൂവൽ ടൗണിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തായാണ് താൽക്കാലിക ശുചിമുറി നിർമ്മിച്ച് ആളുകൾക്ക് തുറന്നു നൽകിയിട്ടുള്ളത്.മുമ്പ് ഈ ഭാഗത്തായി പഞ്ചായത്തിന്റെ കീഴിലുള്ള പൊതു ശുചിമുറി പ്രവർത്തിച്ച് വന്നിരുന്നു.എന്നാൽ പ്രളയത്തിൽ ബലക്ഷയം സംഭവിച്ചതോടെ അത് പൊളിച്ച് നീക്കി.പുതിയ ശുചിമുറി നിർമ്മിക്കാൻ പഞ്ചായത്ത് കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ചാണ് തങ്ങളുടെ നടപടിയെന്ന് ശുചിമുറി നിർമ്മാണത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു.ടൗണിൽ പൊതുശുചി മുറി ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ശുചിമുറി നിർമ്മാണത്തിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു.അതേ സമയം ഇപ്പോൾ ശുചിമുറി ഉണ്ടാക്കിയിട്ടുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ബിജി പറഞ്ഞു.2018ൽ ശുചിമുറിക്ക് ബലക്ഷയം സംഭവിച്ചിരുന്നു.എങ്കിലും നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അറ്റകുറ്റപ്പണികൾ നടത്തി മുമ്പോട്ട് കൊണ്ടുപോയി.2019ലെ കാലവർഷത്തിൽ ശുചിമുറിക്ക് കൂടുതൽ ബലക്ഷയം സംഭവിച്ചതോടെ പൊളിച്ച് നീക്കാൻ തീരുമാനിച്ചു.ഈ ഭാഗത്തായി 5 നിലകളിൽ ശുചിമുറി ഉൾപ്പെടെ പഞ്ചായത്ത് പുതിയ കോംപ്ലക്‌സ് നിർമ്മിക്കും.വ്യാപാരികളുടെ പുനരധിവാസത്തിനൊപ്പം ആധുനിക അറവ് ശാലയും ശുചിമുറിയും പുതിയ കെട്ടിടത്തിലൊരുക്കും.ഇതിനായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായതായും രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ ജോലികൾ ആരംഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ ബിജി വ്യക്തമാക്കി.