തലയോലപ്പറമ്പ്: മുളക്കുളം കളമ്പൂക്കാവ് ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ പാന മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ചെറിയപാന നടന്നു. ദാരിക ദാനവേന്ദ്രന്മാരെ നിഗ്രഹിക്കാൻ അവതരിപ്പിച്ച ഭദ്രകാളിയും അസുരന്മാരും തമ്മിലുണ്ടായ ഉഗ്രയുദ്ധവും അസുര നിഗ്രഹവും പ്രതീകവത്ക്കരിച്ച് നടക്കുന്ന അനുഷ്ഠാനങ്ങളാണ് പാന എന്ന പേരിൽ കാവിൽ അരങ്ങേറുന്നത്. പാനപ്പുരയിൽ പൂജ, ശ്രീലകത്ത് ഉച്ചപ്പൂജ എന്നിവയെ തുടർന്നാണ് പാനക്കഞ്ഞി വിതരണം നടന്നത്. പാനക്കാർക്ക് പാനക്കഞ്ഞി നൽകിയശേഷം മുഴുവൻ ഭക്തർക്കും പാനക്കഞ്ഞി നൽകി. കുത്തിയെടുത്ത പാളയിൽ പാനക്കഞ്ഞിയും തൂശനിലയിൽ ചക്കപ്പുഴുക്ക് മുതിരപ്പുഴുക്ക്, അസ്ത്രം തുടങ്ങിയ പാരമ്പര്യ വിഭവങ്ങളും നൽകി. ജാതി മതഭേദമന്യേ ആയിരങ്ങൾ പാനക്കഞ്ഞികഴിക്കാനെത്തി. പാനപ്പുര പൂജ, ഉച്ചപ്പൂജ, പാന തുളളൽ പാനക്കഞ്ഞി വിതരണം എന്നിവയെ തുടർന്ന് ഉച്ചയ്ക്ക് 2.30 ന്‌ദേവിയെ പാന നടയിലേയ്ക്ക് എഴുന്നളളിച്ചു. തിരുമറയൂർ മുരളീധരമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയായി. ധീവര സഭ കളമ്പൂർ, മുളക്കുളം ശാഖകളുടെ ഗരുഡനും മേവെളളൂർ ശ്രീവേദവ്യാസ ധീവര സമാജത്തിന്റെ ഭീമനും (കെട്ടുകാഴ്ച്ചകൾ) പുഴയിലൂടെ കാവിലേയ്ക്ക് എഴുന്നളളിക്കുന്ന കാഴ്ച്ച കാണാൻ ആയിരങ്ങൾ പുഴയുടെ ഇരു കരകളിലുമായി തടിച്ചുകൂടിയിരുന്നു. വൈകീട്ട് ദീപാരാധനയെ തുടർന്ന് മാടമന ശ്രീബാലഭദ്രക്ഷേത്രത്തിൽ നിന്നും കളമ്പൂർകോട്ടപ്പുറം പടിഞ്ഞാറെ കവലയിൽ നിന്നും താലപ്പൊലി, രാത്രി 7.30 ന് ഗിന്നസ് റിക്കാർഡർ ഗാനസാമ്രാട്ട് കൊച്ചിൻ മൻസൂർ അവതരിപ്പിച്ച 'വയലാർ സന്ധ്യ ഓൾഡ് ഈസ്‌ഗോൾഡ്' 10 ന് തിരുവനന്തപുരം എസ്.പി.തീയറ്റേഴ്‌സ് അവതരിപ്പിച്ച 'കാളിയൂട്ട് ഭഗവതി ' ബാലെ എന്നിവ നടന്നു.