വൈക്കം: ഫയർ ഫോഴ്‌സ് യൂണിറ്റിന് ലഭിച്ച സ്‌കൂബ സെറ്റ് ഉപയോഗിച്ചുള്ള പരിശീലനംആരംഭിച്ചു. വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളിൽ മുങ്ങിമരണം വർദ്ധിച്ചിട്ടും സ്‌കൂബാ അടക്കമുള്ള ആധുനിക ഉപകരണങ്ങൾ ഉള്ള വൈക്കം ഫയർഫോഴ്‌സിന്റെ സേവനം വേണ്ട വിധം പ്രദേശവാസികൾക്ക് ലഭിച്ചിരുന്നില്ല. അത്യാധുനിക രീതിയിലുള്ള രണ്ട് സ്‌കൂബാ സെറ്റുകൾ വൈക്കം എം.എൽ.എയുടെ നിരന്തരമായ ഇടപെടലുകളെ തുടർന്ന് ഡിപ്പാർട്ടുമെന്റിൽ നിന്നും മാസങ്ങൾക്ക് മുൻപ് ലഭിച്ചിരുന്നെങ്കിലും വേണ്ട പരിശീലനം ലഭിച്ചവർ ഇല്ലാതിരുന്നതിനാൽ കായലിലും പുഴകളിലും മറ്റും അപകടത്തിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുമ്പോൾ കടുത്ത വെല്ലുവിളിയാണ് അഗ്‌നിശമന സേനാംഗങ്ങൾനേരിടേണ്ടിവന്നിരുന്നത്. പലപ്പോഴും കോട്ടയത്തുനിന്നുള്ള സ്‌കൂബ സംഘത്തെ ആശ്രയിക്കേണ്ടി സ്ഥിതിവിശേഷമായിരുന്നു. മഴക്കാലമായാൽ വൈക്കം അഗ്‌നിശമന നിലയത്തിലേക്ക് ഫോൺവിളികളുടെ നിലക്കാത്ത പ്രവാഹമാണ്. മഴവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടുണ്ടാകുന്ന അപകടങ്ങളും വൈക്കം മേഖലയിൽ കുറവല്ല. എല്ലാ വർഷവും ഇത്തരത്തിൽ ഒന്നിൽ കൂടുതൽ അപകടങ്ങൾ മേഖലയിലുണ്ടാകും. ഇത്തരം അപകടങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഇന്ന് വൈക്കം അഗ്‌നിശമന സേനയിലെ അംഗങ്ങൾ. ഇത്തിപ്പുഴ, വേമ്പനാട്ടുകായൽ എന്നിവിടങ്ങളിലാണ് വൈക്കം, കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിലെ ആറു സേനാംഗങ്ങൾ പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഏഴു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് വൈക്കം ഫയർ ഫോഴ്‌സ് അസി. സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ കോട്ടയം, ചങ്ങനാശ്ശേരി നിലയങ്ങളിലെ ഹരീഷ് ബി.കണ്ണൻ, കെ.എൻ സുരേഷ്, മിഥുൻ എന്നീ വിദഗ്ദ്ധരാണ് പരിശീലനം നൽകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തലയോലപ്പറമ്പ് പാലാം കടവിന് സമീപം കോലേഴത്ത് കടവിൽ 10ാം ക്ലാസ് വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ നിന്നും ഉടൻ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയെങ്കിലും ഇവർക്ക് കരയിലിരിക്കേണ്ട ഗതികേടാണ് ഉണ്ടായത്.തുടർന്ന് കോട്ടയത്ത് നിന്നും എത്തിയ സ്‌കൂബാ ടീം അംഗങ്ങളാണ് മൂന്ന് മണിക്കൂറിന് ശേഷം മൃദേഹം മുങ്ങി എടുത്തത്. രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്‌സ് ഓടി എത്തുന്നുണ്ടെങ്കിലും മുങ്ങിയുള്ള രക്ഷാപ്രവർത്തനം നടക്കാൻ താമസം നേരിടുന്നത് പലപ്പോഴും ജീവനുകൾ നഷ്ടമാകാൻ കാരണമായിരുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ 14 ന് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതർ സ്‌കൂബ പരിശീലന നടപടി വേഗത്തിലാക്കിയത്.