കോട്ടയം: യു.ഡി.എഫിന് ഇനി തോൽക്കാൻ മനസ്സില്ല. കേരള കോൺഗ്രസ് എമ്മിലെ തർക്കവുമായി മുന്നോട്ടുപോവാൻ സാധിക്കില്ലെന്നും പാലാ ഇനി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും മുസ്ലീംലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികൾ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇതോടെ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന സൂചന ശക്തമായി.

കേരള കോൺഗ്രസ് ജോസഫ്,ജോസ് വിഭാഗങ്ങളുമായി ഇന്നലെ തിരുവനന്തപുരത്ത് യു.ഡി.എഫ് നേതൃത്വം ചർച്ച നടത്തിയെങ്കിലും മഞ്ഞുരുകിയിട്ടില്ല. സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന ശക്തമായ നിലപാടുമായി ജോസ് ഉറച്ചുനിന്നപ്പോൾ, ജോസഫ് വിഭാഗവും വിട്ടുകൊടുക്കാൻ തയ്യാറായില്ല. കുട്ടനാട് കേരള കോൺഗ്രസ് -ജോസഫ് ഗ്രൂപ്പ് മത്സരിച്ച സീറ്റാണെന്നും അവിടെ കഴിഞ്ഞതവണ മത്സരിച്ചത് ജേക്കബ് ഏബ്രഹാമാണെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. അതിനാൽ ഇത്തവണയും തങ്ങൾക്കുതന്നെ സീറ്റ് ലഭിക്കണമെന്നതായിരുന്നു ജോസഫിന്റെ ആവശ്യം.

അതേ സമയം, കുട്ടനാട്ടിൽ കേരള കോൺഗ്രസ് -ജോസ് വിഭാഗം പാർട്ടി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിന്റെ ഭാഗമായി തോമസ് ചാഴികാടൻ എം.പി ചെയർമാനായുള്ള കേരളാ കോൺഗ്രസ് (എം) ഉപസമിതി യോഗം ഇന്ന് രാവിലെ രാമങ്കരിയിൽ ചേരുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയോഗത്തിന്റെ തീരുമാനപ്രകാരമാണ് ഉപസമിതിയോഗം .മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി, വി.ടി ജോസഫ്, വി.സി ഫ്രാൻസിസ്, ജേക്കബ് തോമസ് അരികുപുറം എന്നിവർ അംഗങ്ങളായുള്ള ഉപസമിതിയാണ് ചേരുന്നത്. ഉപസമിതിയോഗത്തിൽ ഉയർന്നുവരുന്ന പേരുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറാനാണ് തീരുമാനം.