പൂഞ്ഞാർ: കുന്നോന്നി പൊട്ടൻപ്ലാക്കൽ വിഷ്ണുവിന്റെ (24) മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും ഏറെ സന്തോഷവാനായിരുന്നെന്നും പിതാവ് പി.എം. തങ്കച്ചൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അയയ്ച്ച പരാതിയിൽ പറയുന്നു. ബി.എസ്.സി ബിരുദധാരിയായ വിഷ്ണു, പി.എസ്.സി റാങ്ക് ലിസ്റ്റിൽ പന്ത്രണ്ടാം സ്ഥാനം നേടിയിരുന്നു. പഞ്ചായത്ത് വകുപ്പിൽ ജോലി ലഭിച്ചതിന്റെ അഡ്വൈസ് മെമ്മോ ലഭിച്ച് ഏതാനും ദിവസംകഴിഞ്ഞാണ് വിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൂഞ്ഞാർ കല്ലേക്കുളം ഭാഗത്ത് ആളൊഴിഞ്ഞ പത്ത് അടിയോളം ഉയരമുള്ള പാറക്കൂട്ടത്തിന് മുകളിലെ മരത്തിലാണ് ഡിസംബർ ഒമ്പതിന് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പനയിലുള്ള ഒരു പെൺകുട്ടിയുമായി വിഷ്ണു പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അധികാരികൾക്ക് പിതാവ് നല്കിയ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ, ഈ ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. പെൺകുട്ടിയുടെ സഹോദരൻ നിരന്തരമായി വിഷ്ണുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രണയത്തിൽ നിന്ന് പിൻതിരിയണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു. എന്നാൽ പ്രണയത്തിൽ നിന്ന് പിന്മാറാൻ വിഷ്ണു കൂട്ടാക്കിയില്ല. വിഷ്ണു വിനെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ തലേന്ന് പെൺകുട്ടിയുടെ സഹോദരനും മൂന്ന് സുഹൃത്തുക്കളും പൂഞ്ഞാറിൽ എത്തിയിരുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷ്ണുവും പെൺകുട്ടിയുടെ സഹോദരനുമായി വാക്കുതർക്കം ഉണ്ടായതായും വൈകുന്നേരം അഞ്ചു മണിയോടെ വീട്ടിലെത്തിയ മകൻ പണവുമെടുത്ത് പുറത്തേക്ക് പോയതായും വൈകുന്നേരം ഏഴു മണിയോടെ വിഷ്ണുവിന്റെ ഫോണിൽ നിന്ന് സുഹൃത്ത് എന്ന് പരിചയപ്പെടുത്തി തന്റെ ഫോണിലേക്ക് സന്ദേശം വന്നതായും പിതാവ് പറയുന്നു. വിഷ്ണു റൂമിൽ നിന്ന് ക്ഷുഭിതനായി ഫോണും വലിച്ചെറിഞ്ഞ് പോയെന്നായിരുന്നു ആദ്യ സന്ദേശം. രാത്രി പലതവണ വിഷ്ണുവിന്റെ ഫോണിൽ നിന്ന് സന്ദേശം എത്തിയിരുന്നു.

രാത്രി വൈകിയും വിഷ്ണു വീട്ടിൽ തിരികെ എത്തിയിരുന്നില്ല. ഉറങ്ങാതെ കാത്തിരുന്ന വീട്ടുകാർ ഈരാറ്റുപേട്ട പൊലീസിൽ പരാതി നല്കാനായി പോകാൻ ഒരുങ്ങുമ്പോഴാണ് വിഷ്ണു ആത്മഹത്യ ചെയ്തുവെന്ന വിവരമറിഞ്ഞത്. വിഷ്ണുവിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്നും ആന്തിരാവയവങ്ങൾക്ക് ചതവ് ഏറ്റിരുന്നതായും പിതാവിന്റെ പരാതിയിൽ പറയുന്നുണ്ട്.

അതേസമയം, ജില്ലാ പൊലീസ് ചീഫിന് പരാതി ലഭിച്ചതിനെ തുടർന്ന് പാലാ ഡിവൈ.എസ്.പി സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ കൊലപാതകത്തിലേക്ക് നയിക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടത്തിലും തൂങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വൃക്ഷണത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും രക്തം പൊടിച്ചുവന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ അത് തൂങ്ങി മരണം സംഭവിക്കുമ്പോൾ ഉണ്ടാവുന്നതാണെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അഭിപ്രായപ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. എന്തായാലും തന്റെ പരാതിക്കും കാത്തിരിപ്പിനും ഫലമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് വിഷ്ണുവിന്റെ പിതാവ് തങ്കച്ചൻ കഴിഞ്ഞുകൂടുന്നത്.