കോട്ടയം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതോടെ അയൽവാസികളായ രണ്ടുപേരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. മണിമല നെല്ലിത്താനത്ത് താമസിക്കുന്ന കുഞ്ഞൂട്ടിയാണ് (61) മരിച്ചത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെല്ലിത്താനം കോളനിയിൽ താമസിക്കുന്ന സന്തോഷ് (40), രാജേഷ് (38) എന്നിവരെയാണ് മണിമല സി.ഐ ഷാജു ജോസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സന്തോഷിന്റെ വീടിന് സമീപമാണ് കുഞ്ഞൂട്ടി താമസിച്ചിരുന്നത്. ഇവർ തമ്മിൽ സ്ഥലം സംബന്ധിച്ച തർക്കം നിലനിന്നിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് സന്തോഷും കുഞ്ഞൂട്ടിയുമായി അടിപിടി ഉണ്ടായി. രാജേഷും കൂടെയുണ്ടായിരുന്നു. തുടർന്ന് തളർന്നുവിണ കുഞ്ഞൂട്ടിയെ ഉപേക്ഷിച്ച് സന്തോഷും രാജേഷും സ്ഥലം വിടുകയായിരുന്നു. പൊലീസ് വിവരമറിഞ്ഞ് എത്തി കുഞ്ഞൂട്ടിയെ കാഞ്ഞിരപ്പള്ളി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സ്ഥിതി മോശമായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ മാർഗമദ്ധ്യേ മരിച്ചു. ഇന്നലെ നടന്ന പോസ്റ്റുമോർട്ടത്തിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.