കോട്ടയം: വീട്ടിലിരുന്ന് വരുമാനം എന്ന ലക്ഷ്യത്തോടെ മുട്ടക്കോഴി വളർത്താനിറങ്ങിത്തിരിച്ച വീട്ടമ്മമാർ ഇപ്പോൾ ആകെ പെട്ടുപോയ അവസ്ഥയിലാണ്. കത്തുന്ന ചൂട് ഒരുവശത്ത്. ചൂടിന്റെ രൂക്ഷതയിൽ കോഴിമുട്ടയുടെ ഉപയോഗവും ഉൽപാദനവും കുറഞ്ഞത് മറുവശത്ത്. മുട്ടക്കോഴി വളർത്തൽ ജീവനോപാധിയാക്കിയ വീട്ടമ്മമാർക്ക് പറയാനുള്ളതും നഷ്ടക്കണക്ക് മാത്രം.
മുമ്പ് വീട്ടമ്മമാരിൽ പലർക്കും മൂട്ടക്കോഴി വളർത്തിലൂടെ മികച്ച വരുമാനമാണ് ലഭിച്ചിരുന്നത്. എന്നാൽ, ഇന്നിപ്പോൾ സ്ഥിതി മറ്റൊന്നായി. കടുത്ത ചൂടിനെ തുടർന്ന് നാടൻ കോഴിമുട്ടയ്ക്ക് ആവശ്യക്കാർ കുറഞ്ഞു. മുമ്പ് നാടൻകോഴിമുട്ടയ്ക്ക് കർഷകർക്ക് ഏഴ് രൂപവരെ ലഭിച്ചിരുന്നു. എന്നാൽ ആവശ്യക്കാർ കുറഞ്ഞതോടെ പല സ്ഥലങ്ങളിലും മുട്ട ഒന്നിന് അഞ്ച് രൂപ പോലും ലഭിക്കുന്നില്ല. എന്നാൽ വിപണിയിൽ വില കുറയുന്നുമില്ല. തമിഴ്‌നാട്ടിൽ നിന്ന് മുട്ടയുടെ വരവ് കൂടിയതും തിരിച്ചടിയായി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ കൂടുതലായി മുട്ടക്കോഴികൃഷിയിലേക്ക് കടന്നുവന്നത്. ബി.വി 380, കൈരളി, ഗ്രാമശ്രീ, ഗ്രാമപ്രിയ എന്നീ കോഴികളെയാണ് വീടുകളിൽ വ്യാപകമായി വളർത്തുന്നത്. ഇതിൽ ബി.വി 380, കൈരളി എന്നിവ മുട്ട ഉൽപാദനത്തിൽ ഏറെ മുന്നിലുമാണ്. ഇവയുടെ മുട്ട ഗുണമേന്മയിലും ഒന്നാം സ്ഥാനത്താണ്.
തീറ്റ വില തീ തീറ്റിക്കും
തീറ്റ ചെലവ് വൻതോതിൽ ഉയർന്നതും കർഷകർക്ക് വൻ തിരിച്ചടിയായി. മുട്ടക്കോഴി തീറ്റ ചാക്ക് ഒന്നിന് 350 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിനിടെ താപനില 40 ഡിഗ്രിയിലേക്ക് അടുത്തതോടെ താറാവ്, കാട കർഷകരും പ്രതിസന്ധിയിലായി. കാട, താറാവ് എന്നിവയുടെ മുട്ടയ്ക്കും ഇപ്പോൾ ആവശ്യക്കാർ കുറവാണ്. മാത്രമല്ല ചൂട് കൂടിയതോടെ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും താറാവുകളിൽ രോഗങ്ങൾ പടർന്നുപിടിക്കുന്നതും കർഷകർക്ക് വിനയായിട്ടുണ്ട്. കാടക്കോഴികളും കടുത്ത ചൂടിനെ തുടർന്ന് വ്യാപകമായി ചത്തൊടുങ്ങുന്നതായി കർഷകർ പറയുന്നു.